കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി തേടി എം.പിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും നൽകിയ അപേക്ഷ ദ്വീപ് ഭരണകൂടം വീണ്ടും തള്ളിയ സാഹചര്യത്തിൽ ഇവർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഭേദഗതി ചെയ്തു വീണ്ടും സമർപ്പിക്കും. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഇരുവരുടെയും അപേക്ഷ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വീണ്ടും നിരസിച്ചത് ഹർജിക്കാരുടെ അഭിഭാഷകൻ ശ്രദ്ധയിൽപെടുത്തി. തുടർന്നാണ് ഇക്കാര്യം കൂടി ഉൾപ്പെടുത്തി ഹർജി ഭേദഗതി ചെയ്യാൻ അനുവദിച്ചത്. ഇടതു എം.പിമാർ ഇതേയാവശ്യം ഉന്നയിച്ചു നൽകിയ ഹർജിയും പിന്നീട് ഇതിനൊപ്പം പരിഗണിക്കും.
ലക്ഷദ്വീപിൽ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ദ്വീപ് നിവാസി കെ.കെ. നസിഹ് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി.