കൊച്ചി: സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് ആത്മീയതയുടെ സത്യപ്രകാശമാണെന്ന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ പറഞ്ഞു. ആത്മീയജ്ഞാനത്തിന്റെ ഗിരിശൃംഗങ്ങളിൽ നിൽക്കുമ്പോഴും വിനയവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ശ്രീനാരായണ ഗുരുദേവന്റെ ദിവ്യസാമീപ്യം അനുഭവിച്ച സന്യാസപരമ്പരയിലെ അവസാന കണ്ണികളിലൊന്നായിരുന്നു സ്വാമി പ്രകാശാനന്ദ. ധർമ്മനിഷ്ഠയും നിശ്ചയദാർഢ്യവും സമന്വയിച്ച അപൂർവ വ്യക്തിത്വം കൂടിയായിരുന്നു. ആ വിയോഗം ഭാരതത്തിന് തന്നെ തീരാനഷ്ടമാണെന്ന് മഹാരാജ ശിവാനന്ദൻ പറഞ്ഞു.
• കണയന്നൂർ യൂണിയൻ
സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് അനുശോചിച്ചു.
• ശ്രീനാരായണ സാംസ്കാരിക സമിതി
സ്വാമി പ്രകാശാനന്ദ സാധാരണ ജനങ്ങൾക്ക് ആത്മീയ പ്രകാശം ചൊരിഞ്ഞ വിശിഷ്ട വ്യക്തിത്വമായിരുന്നെന്ന് ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. നിർമ്മലമായ ഇടപെടലുകളിലൂടെ ജനങ്ങളെ അദ്ദേഹം ഗുരുദർശനത്തിലേക്ക് അടുപ്പിക്കുകയും ചെയ്തുവെന്ന് പ്രസിഡന്റ് എൻ.കെ.ബൈജുവും ടി.ഡി.ദിലീപ് രാജും പറഞ്ഞു.
• ഗുരുധർമ്മ പ്രചരണസഭ
ശ്രീനാരായണ ഗുരുദേവന്റെയും ശിവഗിരിയുടെ സന്ദേശം ലോകത്തെ അറിയിക്കാൻ മുന്നിൽ നിന്ന സന്യാസിവര്യനായിരുന്നു സ്വാമി പ്രകാശാനന്ദയെന്ന് ഗുരുധർമ്മ പ്രചരണ സഭ ചീഫ് കോഓർഡിനേറ്റർ കെ.എസ്.ജയിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
• ഗോവിന്ദാനന്ദ സ്വാമി സാംസ്കാരിക കേന്ദ്രം
സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ കൊച്ചി ഗോവിന്ദാനന്ദ സ്വാമി സാംസ്കാരിക കേന്ദ്രം അനുശോചിച്ചു. ശിവഗിരി മഠത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമി പ്രകാശാനന്ദയെന്ന് പ്രസിഡണ്ട് ഇ.കെ.മുരളീധരൻ പറഞ്ഞു. ഭാനുമതി, പ്രിയ രാജീവ്, ഉഷാ മോഹൻ തുടങ്ങിയവർ സംസാരിച്ചു.