കളമശേരി: സുവർണ ജൂബിലി നിറവിൽ നിൽക്കുന്ന കൊച്ചി സർവകലാശാല കാമ്പസിലെ പുതിയ കെട്ടിടസമുച്ചയങ്ങളുടെ നിർമ്മാണം വൈകിപ്പിച്ചതിന് കരാറുകാരെ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.കെ) കരിമ്പട്ടികയിൽപ്പെടുത്തി. കോർപ്പറേഷനായിരുന്നു 62.58 കോടിയുടെ നിർമ്മാണങ്ങളുടെ ചുമതല. സുവർണ ജൂബിലി വർഷമായ ഇക്കൊല്ലം തുറക്കുന്നതിന് വേണ്ടി 2019ൽ ആരംഭിച്ച കിഫ്ബി പദ്ധതിയിൽപ്പെട്ട നിർമ്മാണങ്ങൾ ഇപ്പോഴും നാലിലൊന്നു പോലുമായിട്ടുമില്ല.
മൂവാറ്റുപുഴ ആസ്ഥാനമായ പ്രമുഖ പൊതുമരാമത്ത് കരാർ കമ്പനിയായ മേരിമാത ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് നിർമ്മാണ കരാറുകാർ. ആർ.ബി.ഡി.സി.കെയുടെ ഒരു വർക്കുകളും ഇനി ഇവർക്ക് ഏറ്റെടുക്കാനാവില്ല.
കിഫ്ബി പദ്ധതിയുടെ ഫണ്ടുണ്ടായിട്ടും മറ്റ് വർക്കുകളിൽ തങ്ങൾക്കു കുടിശിക തരാനുള്ള 21കോടി ആർ.ബി.ഡി.സി.കെ പിടിച്ചുവച്ചിരിക്കുകയാണെന്നും അതുകൊണ്ട് ഈ കരാറിൽ നിന്ന് നേരത്തേ തന്നെ പിന്മാറിയതാണെന്നും മേരി മാതാ കമ്പനി അറിയിച്ചു. കരാർ റദ്ദാക്കാൻ ജനുവരി എട്ടിന് ആർ.ബി.ഡി.സി.കെയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കോർപ്പറേഷന്റെ പിഴവാണ് നിർമ്മാണം വൈകാൻ കാരണം. അതുകൊണ്ടാണ് വ്യവഹാരത്തിലേക്കും എത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു.
മുടങ്ങിയ നിർമ്മാണങ്ങൾ
അക്കാഡമിക് കെട്ടിടം
അന്താരാഷ്ട്ര ഗസ്റ്റ് ഹൗസ്
എൻജിനിയറിംഗ് വിംഗ്
ഫെസിലിറ്റേഷൻ സെന്റർ
കാമ്പസ് പുനരുദ്ധാരണം
അഴുക്കുചാൽ, മാലിന്യസംസ്കരണം
20%
2019 സെപ്തംബർ അഞ്ചിന് ഒപ്പുവച്ച കരാർ പ്രകാരം രണ്ട് വർഷത്തിനകം പണികൾ പൂർത്തിയാകേണ്ടതായിരുന്നു. പക്ഷേ 20% പോലും എത്തിയില്ല.