കൊച്ചി: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് പരോൾ അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭയ കേസ് ആക്‌ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്‌ക്കൽ ഹൈക്കോടതിയിൽ ഹർജി നൽകി. സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമാണ് സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ ഇരുവർക്കും കഴിഞ്ഞ മേയിലാണ് 90 ദിവസത്തെ പരോൾ അനുവദിച്ചത്. ജയിലുകളിലെ കൊവിഡ് വ്യാപനം ഒഴിവാക്കാൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് പരോൾ അനുവദിച്ചതെന്ന് അധികൃതർ പറയുന്നു. എന്നാൽ, പത്തു വർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ചവർക്കുമാത്രമേ ഉന്നതാധികാര സമിതി പരോളിന് അനുമതി നൽകിയിട്ടുള്ളൂവെന്ന് ഹർജിക്കാരൻ വാദിക്കുന്നു. ജയിലിൽ അഞ്ചു മാസം തികയ്ക്കുന്നതിനു മുമ്പാണ് ഇവർക്ക് പരോൾ അനുവദിച്ചത്. ജീവപര്യന്തം തടവുകാർക്ക് ഇത്തരത്തിൽ പരോളിന് അർഹതയില്ലെന്നിരിക്കെ കോട്ടൂരിനും സെഫിക്കും പരോൾ അനുവദിച്ചത് നിയമപരമല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.