കൊച്ചി: കാലം മാറുന്നതിന് അനുസരിച്ചുള്ള കോലം മാറാനായി ഓണത്തിനുവേണ്ടിയുള്ള കസവ് മാസ്ക്കും എത്തി. ഓണാഘോഷത്തിന് ആവശ്യമായ വെള്ളിക്കസവിന്റെയും സ്വർണ്ണക്കസവിന്റെയും മാസ്ക്ക് വിപണിയിൽ എത്തിക്കുകയാണ് പ്രവീൺ സിഫണി. കച്ചേരിപ്പടിയിലെ സിഫണി ഈവന്റ് മാനേജ്മെന്റ് നടത്തുന്ന പ്രവീൺ ലോക്ക്ഡൗണിലെ വർക്ക് കുറഞ്ഞതോടെയാണ് മാസ്ക്ക് നിർമ്മാണത്തിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ വർഷം മേയിലാണ് മാസ്ക്ക് നിർമാണം ആരംഭിച്ചത്. കഴിഞ്ഞ ഓണത്തിന് നിർമ്മിച്ച മാസ്ക്കുകൾ നന്നായി വിറ്റഴിയുകയും ചെയ്തു.
ലുലു ഹൈപ്പർമാർക്കറ്റ്, മറ്റ് സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം മാസ്ക് വിതരണം ചെയ്തു. കഴിഞ്ഞ തവണ ക്ളിക്കായതിനാൽ ഇത്തവണ നേരത്തെ തന്നെ മാസ്ക് നിർമ്മാണം ആരംഭിച്ചു. കുട്ടികൾക്കും വലിയവർക്കുമുള്ള മാസ്ക്കുണ്ട്. മാസ്ക്കിൽ ഗണപതി, ആന,പൂക്കൾ എന്നിവയുടെ രൂപങ്ങളും പ്രിന്റ് ചെയ്യുന്നുണ്ട്. കോളേജുകളിലും ക്ലബ്ബുകളിലും ഒന്നും ഓണാഘോഷം ഇല്ലെങ്കിലും മാസ്ക്ക് ധരിച്ച് ഫോട്ടോ എടുത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ ഇടുന്നതിന് ആളുകൾ മാസ്ക്ക് വാങ്ങുന്നുണ്ട്. 40 രൂപ മുതൽ 60 രൂപ വരെ വിലയുള്ള ഡബിൾ ലെയർ മാസ്ക്കാണ് പ്രവീൺ നിർമ്മിക്കുന്നത്.
സ്ത്രീകളാണ് ഏറ്റവും കൂടുതൽ മാസ്ക്ക് വാങ്ങുന്നത്. കസവ് മാസ്ക്കായതിനാൽ ഓണത്തിന് എല്ലാവരും വാങ്ങും. ഇപ്പോൾ തന്നെ വലിയ രീതിയിൽ മാസ്ക്ക് വിറ്റു പോകുന്നുണ്ട്. കസവ് മാസ്കിന് പുറമേ കുട്ടികൾക്കുള്ള പ്രിന്റഡ് മാസ്ക്കും നിർമ്മിക്കുന്നുണ്ട്.
പ്രവീൺ സിംഫണി