nambi

കൊച്ചി: ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയതോടെ ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കാൻ വൈകിയെന്നും കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്. വിജയൻ, തമ്പി. എസ്. ദുർഗാദത്ത് എന്നിവർക്ക് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചതിൽ നിർണായക പങ്കുണ്ടെന്നും സി.ബി.ഐ അന്വേഷണ സംഘം ഹൈക്കോടതിയിൽ അറിയിച്ചു. മുൻ പൊലീസ് ഉദ്യോഗസ്ഥരായ വിജയനും തമ്പിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സി.ബി.ഐക്കു വേണ്ടി കേന്ദ്ര സർക്കാർ സ്റ്റേറ്റ്മെന്റ് നൽകിയത്.

ചാരക്കേസിൽ അന്താരാഷ്ട്രതലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നത് അന്വേഷിക്കുമെന്നും മതിയായ തെളിവുകളില്ലാതെയാണ് നമ്പി നാരായണനെ ഈ കേസിൽ അറസ്റ്റ് ചെയ്തതെന്നും സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട് സുനിൽ സിംഗ് റാവത്തിന്റെ നിർദ്ദേശപ്രകാരം നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

സ്റ്റേറ്റ്മെന്റിൽ നിന്ന്

• മുൻകൂർ ജാമ്യം അനുവദിച്ചാൽ ഇവർ അന്വേഷണവുമായി സഹകരിക്കില്ല, കേസ് അട്ടിമറിക്കാനിടയുണ്ട്

• ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞനെ കുടുക്കിയ സംഭവം ഗൗരവമുള്ളതാണ്.

• പൊലീസിലെ ഉയർന്ന സ്ഥാനത്തിരുന്ന ഇരു പ്രതികളും ഇപ്പോഴും ഉന്നത സ്വാധീനമുള്ളവരാണ്.

• കേസിലെ മുഖ്യ സാക്ഷികൾ പൊലീസുദ്യോഗസ്ഥരോ സർക്കാർ ജീവനക്കാരോ ആണ്.

• മുൻകൂർ ജാമ്യം ലഭിച്ചാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കും.

• ഒരു ശാസ്ത്രജ്ഞനെ ദ്രോഹിച്ച കുറ്റമായതിനാൽ കേസിന് ദേശീയ - സാമൂഹ്യ താത്പര്യങ്ങളുണ്ട്.