കോലഞ്ചേരി: പ്രൈമറി ക്ലാസുകളിലെ കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും കൊവിഡ് കാലത്തെ അടച്ചിടൽമൂലം കുട്ടികളിൽ ഉണ്ടായ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും സെന്റ് പീറ്റേഴ്സ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും 'കഥപറയാൻ ഞങ്ങളും കേട്ടരിക്കാൻ നിങ്ങളും ' പദ്ധതിയുമായി രംഗത്ത്. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികൾ അവർ വായിച്ച പുസ്തകങ്ങളിലെ കഥകളെയും കഥാ പത്രങ്ങളെയും കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ പരിചയപ്പെടുത്തുകയും തുടർന്ന് വായിച്ച് കേട്ട പുസ്തകവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുന്നതുമാണ് പദ്ധതി. പുറ്റുമാനൂർ, പായിപ്ര, കിഴുമുറി, കടാതി എന്നീ വിദ്യാലയങ്ങളിൽ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയാണ് വായന പക്ഷാചരണത്തിന്റെ ഭാഗമായുള്ള ഈ വ്യത്യസ്ത പ്രവർത്തനം നടത്തിയത്. പ്രോഗ്രാം കോഓർഡിനേറ്റർ ഡോ ജിജി ഏലിയാസിന്റെ നേതൃത്വം നൽകി. സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ.പിയ മാത്യു, രേണു സൂസൻ സാമുവൽ, വിദ്യാർത്ഥികളായ ഷീന ആൻ രാജൻ, ഭാഗ്യലക്ഷ്മി, രമേഷ് ,അശ്വതി ഉദയകുമാർ എന്നിവർ പങ്കെടുത്തു.