കോലഞ്ചേരി: തിരുവാതിര ഞാറ്റുവേല പോയ വഴികാണാനില്ല. കർഷകർക്ക് ആശങ്ക. മഴ പ്രതീക്ഷിച്ച് നെൽക്കൃഷി ചെയ്തവർ നെൽപാടങ്ങളിൽ വെള്ളമില്ലാതെ വലയുകയാണ്. ജൂൺ അവസാനവാരം മുതൽ ജൂലായ് ആദ്യം വരെയാണ് ഞാറ്റുവേല മഴ ലഭിക്കേണ്ടത്. ഈ മാസം ഒരാഴ്ച പിന്നിടുമ്പോഴും മഴ ആവശ്യത്തിന് ലഭിച്ചിട്ടില്ല. അതിനിടെ രാസ വളത്തിന് വില വർദ്ധിച്ചതും തിരിച്ചടിയായി. തിരുവാതിര ഞാറ്റുവേലയിൽ തിരമുറിയാതെ മഴ പെയ്യുമെന്നാണ് കണക്ക്. ഇത്തരത്തിൽ മഴ കിട്ടിയില്ലെങ്കിൽ നാണ്യ വിളകളെ ബാധിക്കും. ഏറ്റവും തിരിച്ചടി കുരുമുളകിനാണ്. മുൻ കാലങ്ങളിലൊന്നും ഇത്തരത്തിൽ മഴ പെയ്യാതിരുന്നിട്ടില്ല. ഇനിയും മഴ മടങ്ങിയാൽ പച്ചക്കറികളേയും നെൽക്കൃഷിയെയും സാരമായി ബാധിക്കും. കിണറുകളും കുളങ്ങളിലും ജല നിരപ്പ് ക്രമാതീതമായി താഴുകയാണ്.
കൊവിഡ് കാലത്ത് രാസവളം വില വർദ്ധനയിലാണെന്ന് കർഷകർ പറയുന്നു. ഏറെ ആവശ്യമുള്ള ഫാക്ടം ഫോസ് വില പ്രതിദിനം മാറി മറിയുകയാണെന്ന് വ്യാപാരികളും പറയുന്നു. തോന്നിയ വിലയാണ് ലഭിക്കുന്നതത്രെ. 1100 രൂപ വിലയുണ്ടായിരുന്നത് 1000 മാക്കി കുറച്ചു. പിന്നീടത് 1325 ആക്കി. വീണ്ടും കുറച്ച് 1125 ആക്കി. മൊത്ത കച്ചവടക്കാരാണ് വില മാറ്റത്തിൽ കുരുങ്ങുന്നത്. അതോടെ പലരും വളമെടുക്കാതെയായി. ഇതോടെ കർഷകരും പെട്ടു. പൊട്ടാഷ് (1000) വേപ്പിൻ പിണ്ണാക്ക്(1750), എല്ലുപൊടി (1500)യുടെയും സ്ഥിതി വ്യത്യസ്തമല്ല. അടിക്കടി വില മാറ്റമാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ വളത്തിന് സബിസിഡി യഥാസമയം ലഭിക്കാത്തതും കർഷകരെ വലക്കുന്നുണ്ട്. വിത്തു പാകിയ നെല്ല് മുളച്ച് വരുന്ന സമയമാണ്. കൃഷിക്ക് ഏറെ വെള്ളം വേണ്ടതും ഈ സമയത്താണ്.രണ്ട് മാസം മുമ്പാണ്ടായ ന്യൂന മർദ്ദത്തിൽ വിളകൾക്ക് ഒരു പാട് നാശം വിതച്ചതോടെ കർഷകർ കടക്കെണിയിലായിരുന്നു. ഇവർക്കു തന്നെയാണ് കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയാകുന്നത്.
തിരിച്ചടിയായി രാസവള വില വർദ്ധനവ്