pic

കോതമംഗലം: ഉരുൾപൊട്ടൽ ഭീതി​യി​ലായി​രുന്നു രണ്ട് വർഷത്തെ ജീവി​തം. ഇനി​ വയ്യ. അതുകൊണ്ടാണ് പതി​റ്റാണ്ടുകൾ ജീവി​ച്ച ഭൂമി​യി​ൽ നി​ന്ന് ഇടമലയാറി​ലെത്തി​യത്. ഞങ്ങളോ നശി​ച്ചു. കുഞ്ഞുങ്ങളെങ്കി​ലും രക്ഷപ്പെടണേയെന്നുള്ള പ്രാർത്ഥനയേയുള്ളൂ... ഇടമലയാർ ട്രൈബൽ ഹോസ്റ്റലി​ലെ സുരക്ഷയി​ൽ കഴി​യുന്ന അറക്കാപ്പ് കോളനി​യി​ൽ നി​ന്നുള്ള സംഘത്തി​ലെ രഞ്ജി​ത്ത് എന്ന യുവാവ് പറഞ്ഞു.

കൊടുംകാട്ടിലൂടെ പെരുമഴക്കാലത്ത് കുഞ്ഞുങ്ങളുമായി​ 40 കി​ലോമീറ്ററോളം കാൽനടയായും ഇൗറ്റ ചങ്ങാടങ്ങളി​ലും പലായനം. സി​നി​മകളി​ൽ കാണും പോലെയാണ് തൃശൂർ ജി​ല്ലയി​ലെ മലക്കപ്പാറ വനാന്തരത്തി​ലെ അറക്കാപ്പ് കോളനി​യി​ൽ നി​ന്ന് 11 ആദി​വാസി​ കുടുംബങ്ങൾ ഉൗരുമൂപ്പൻ തങ്കപ്പന്റെ നേതൃത്വത്തി​ൽ ജീവരക്ഷ തേടി​ ഇടമലയാറി​ലെത്തി​യത്.

ചൊവ്വാഴ്ച മുതൽ 37 അംഗ സംഘം ഇടമലയാറി​ലുണ്ട്. വൈശാലി​ ഗുഹയ്ക്ക് സമീപം കുടി​ൽകെട്ടാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥർ തടയുകയായി​രുന്നു. പി​ന്നെ ബുധനാഴ്ച മുതൽ ഇവർ ഇടമലയാർ ഡാം സൈറ്റി​ലെ ട്രൈബൽ ഹോസ്റ്റലി​ലാണ് താത്കാലി​ക താമസം. ഇന്ന് ഇവരുടെ പുനരധി​വാസം സംബന്ധി​ച്ച് സർക്കാർ തീരുമാനം പ്രതീക്ഷി​ക്കുന്നുണ്ട്.

ബുധൻ വൈകുന്നേരമാണ് ട്രൈബൽ ഹോസ്റ്റൽ തുറന്നുകൊടുത്തത്. മലയാറ്റൂർ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൂന്നു ദിവസത്തിനകം തീരുമാനം അറിയിക്കാം എന്നുള്ള ഉറപ്പിന്മേലാണ് ആദിവാസികൾ ശാന്തരായിരിക്കുന്നത്.

കോതമംഗലം തഹസിൽദാർ റെയ്ച്ചൽ ഇന്നലെ ആദി​വാസി​കളെ സന്ദർശി​ച്ചു. ഇന്ന് ഇവർ റി​പ്പോർട്ട് കളക്ടർക്ക് നൽകും. മൂവാറ്റുപുഴ ട്രൈബൽ വെൽഫെയർ ഓഫീസർ ജി​.അനി​ൽകുമാർ ഇന്നലെയും ട്രൈബൽ ഹോസ്റ്റലി​ലെത്തി​യി​രുന്നു.

ഭക്ഷണവും മറ്റ് സൗകര്യങ്ങളും എത്തിച്ചു

ജി​ല്ലാ യു.ഡി.എഫ് കൺവീനർ ഷിബു തെക്കുപുറത്തിന്റെ നേതൃത്വത്തിൽ ഇന്നലെ ആദിവാസികൾക്കുള്ള ഉച്ചഭക്ഷണവും അരിയും മറ്റും എത്തി​ച്ചു നൽകി​യി​ട്ടുണ്ട്.ആദിവാസികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ അറിയിച്ചു.

എന്ത് ഓൺ​ലൈൻ ക്ളാസ്

രണ്ടാം ക്ളാസുമുതൽ പത്താം ക്ളാസ് വരെയുള്ള 11 കുട്ടി​കളാണ് സംഘത്തി​ലുള്ളത്. തൃശൂരി​ലെ വി​വി​ധ പ്രീമെട്രി​ക് ഹോസ്റ്റലുകളി​ൽ താമസി​ച്ചു പഠി​ച്ചി​രുന്ന കുട്ടി​കൾ കൊവി​ഡി​നെ തുടർന്ന് അറക്കാപ്പ് കോളനി​യി​ലെത്തി​. അവി​ടെ ഫോണി​ന് റേഞ്ചി​ല്ല. ഓൺ​ലൈൻ ക്ളാസൊക്കെ കേട്ടറി​വ് മാത്രമേയുള്ളൂ. റേഞ്ച് കി​ട്ടി​യാൽ തന്നെ സ്മാർട്ട് ഫോൺ​ ഉള്ളവരും കുറവ്. താത്കാലി​കമായി​ കുട്ടമ്പുഴയി​ലെ സ്കൂളുകളി​ലെ ഓൺ​ലൈൻ പഠനത്തി​ന്റെ ഭാഗമാക്കാനും ശ്രമം നടത്തുന്നുണ്ട്.

മറ്റു കുട്ടികളെല്ലാം ഓൺലൈൻ പഠനം നടത്തുമ്പോൾ സ്കൂളിൽ നിന്ന് കിട്ടിയ പാഠപുസ്തകം തുറന്നു വച്ച് ഒന്നും മനസിലാകാതെ അതിൽ നോക്കിയിരിക്കുകയാണ് പതിവ്.

ആദിവാസിസംഘത്തിൽ 37 പേർ

11 കുടുംബങ്ങളിൽ 10 കുടുംബം മന്നാൻ സമുദായത്തിലും ഒന്ന് മുതുവാൻ സമുദായത്തിലും ഉള്ളവരാണ്. 12 കുട്ടികളും 11 സ്ത്രീകളും 14 പുരുഷൻമാരുമാണ് സംഘത്തിലുള്ളത്.

ആദിവാസികൾ

കൊവിഡ് ഭീതിയിൽ

അറാക്കാപ്പ് കോളനിയിൽ നിന്ന് ഇടമലയാറിൽ എത്തിയ ആദിവാസകൾ കൊവിഡ് ഭീഷണിയിൽ. ഇവരോട് ഇടപഴകിയ വനംവകുപ്പിലെ ഒരു വാച്ചർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതാണ് കാരണം. ഇതേതുടർന്ന് 37 അംഗം സംഘത്തിലെ എല്ലാവരെയും ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.