നെടുമ്പാശേരി: കൊവിഡ് വ്യാപനത്തെ തുടർന്ന് ചെങ്ങമനാട് പഞ്ചായത്തിലെ 18ാം വാർഡിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചു. 350ഓളം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി ലഭിച്ചതായി ചെങ്ങമനാട് സാമൂഹികരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി.ടി. എലിസബത്ത് അറിയിച്ചു. വാർഡ് മൈക്രോ കണ്ടയിൻമെൻറ് സോണായി പ്രഖ്യാപിച്ചതിനാൽ മൂന്ന് റോഡുകൾ അടച്ചുകെട്ടാനും ആളുകൾ കൂടുന്ന ഭാഗത്ത് പൊലീസ് പരിശോധന ശക്തമാക്കാനും തീരുമാനമായി.