നെടുമ്പാശേരി: അശാസ്ത്രീയമായി പരിഷ്കരിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പുതുതായി പ്രഖ്യാപിച്ച കാറ്റഗറിരീതി വ്യാപാരമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരികൾ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള കാറ്റഗറി നിർണയം വാർഡുകൾ കേന്ദ്രീകരിച്ചാക്കണമെന്നും പഞ്ചായത്തുകളിൽ ആവശ്യാനുസരണം ആന്റിജൻ ടെസ്റ്റ് നടത്തുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. നിയമങ്ങളിൽ മാറ്റംവരുത്താൻ അധികാരികൾ തയ്യാറായില്ലെങ്കിൽ നിയമലംഘന സമരത്തിന് വ്യാപാരികൾ നേതൃത്വം നൽകുമെന്ന് മേഖലാകമ്മിറ്റി മുന്നറിയിപ്പ് നൽകി. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.ബി. സജി അദ്ധ്യക്ഷനായിരുന്നു.
ഷാജു സെബാസ്റ്റ്യൻ, വി.എ. ഖാലിദ്, പി.ജെ. ജോയ്, ഡേവിസ് മൊറേലി, ടി.എസ്. ബാലചന്ദ്രൻ, കെ.ജെ. പോൾസൺ, ആർ. അനിൽ, കെ.ജെ. ഫ്രാൻസിസ്, എം.എസ്. ശിവദാസ്, അശോക്‌കുമാർ, എ.വി. രാജഗോപാൽ, സാലു പോൾ, സുബൈദ നാസർ, ഷൈബി ബെന്നി, ആനി റപ്പായി, ശാന്ത രാമകൃഷ്ണൻ, മോളി മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.