dog

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരം തെരുവുനായ്ക്കളുടെ പിടിയിലമർന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നഗരത്തിലെ ജനത്തിരക്ക് കുറഞ്ഞതിനാൽ നഗരത്തിലെ പ്രധാന തെരുവുകളെല്ലാം തെരുവുനായ്ക്കൾ കൈയ്യേറിയിരിക്കുകയാണ്. ഇതോടെ നഗരത്തിൽ തെരുവുനായശല്യംരൂക്ഷമായി. ചൊവ്വാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെയുണ്ടായ തെരുവു നായയുടെ ആക്രമണ ശ്രമത്തിനിടെ ബൈക്കിൽ നിന്ന് വീണ രണ്ട് പേർക്ക് പരിക്കേറ്റു. ചാലിക്കടവ് പാലത്തിനു സമീപമായിരുന്നു അപകടം. പട്ടണത്തിലെ പ്രധാന നിരത്തുകളെല്ലാം നായ്ക്കൂട്ടം കീഴടക്കി കഴിഞ്ഞു. വൺവേ ജംഗ്ഷൻ, കീച്ചേരി പടി, ഇ.ഇ.സി റോഡ്, മാർക്കറ്റ് ബസ് സ്റ്റാൻഡ്, നെഹ്റു പാർക്ക്, ചാലിക്കടവ് റോഡ്,പി.ഒ.ജംഗ്ഷൻ, ആരക്കുഴ റോഡ്. കിഴക്കേക്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായ കൂട്ടം തമ്പടിച്ചിരിക്കുകയാണ്.പ്രഭാതസവാരിക്കിറങ്ങുന്നവർക്കും മറ്റ് കാൽനടയാത്രികർക്കും ഇവ ഭീഷണിയാണ്. കഴിഞ്ഞ ദിവസം കാവുംങ്കര മേഖലയിലെ വീടുകളിൽ നിന്നും നിരവധി കോഴികളെയും നായക്കൂട്ടം കൊന്നിരുന്നു.നഗരവീഥികൾ കൈയ്യടക്കി ഭീതി പടർത്തുന്ന നായ് ശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയെങ്കിലും അധികാരികളുടെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ല.തെരുവുനായകളുടെ വംശവർദ്ധനവ് തടയാൻ എ.ബി.സി പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യത്തെ നഗരസഭയാണ് മൂവാറ്റുപുഴ.എന്നാൽ തുടർനടപടികൾ ഇല്ലാതെ വന്നതോടെ നായ്ക്കൂട്ടം പെരുകുകയായിരുന്നു.