തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ താത്കാലിക ജീവനക്കാരുടെ നിയമനത്തെച്ചൊല്ലി വീണ്ടും സംഘർഷം. ഡി.വൈ.എഫ്.ഐ റവന്യൂ വിഭാഗം കവാടത്തിൽ നടത്തിവന്ന സമരം രണ്ടാംദിവസവും തുടർന്നു. ഇന്നലെ നടന്ന പ്രതിഷേധത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരും രംഗത്തെത്തിയതോടെ പ്രതിഷേധം അണപൊട്ടി.
പ്രതിഷേധം മുന്നിൽ കണ്ട് ഇന്നലെ രാവിലെ എട്ടുമണിയോടെ നഗരസഭയിലെ റവന്യൂ വിഭാഗത്തിൽ പുതുതായി നിയമിച്ച 15 താത്കാലിക ജീവനക്കാർ ഓഫീസിൽ കയറിയിരുന്നു. ഒമ്പതുമണിയോടെ ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം ആരംഭിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയായിരുന്നു സമരം.പത്തരയോടെ എൽ.ഡി.എഫിലെ വനിത കൗൺസിലർമാരുടെ നേതൃത്വത്തിൽ റവന്യൂ വിഭാഗത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ജോലിചെയ്തുകൊണ്ടിരുന്ന താത്കാലിക ജീവനക്കാരെ ബലമായി ഇറക്കിവിടാൻ ശ്രമിച്ചു. ചെയർപേഴ്സൻ അജിത തങ്കപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ സുനീറ ഫിറോസ്, സ്മിത സണ്ണി, സോമി റെജി, കൗൺസിലർമാരായ ഷിമി മുരളി, അഡ്വ. ഷീന ഉമ്മർ, രാധാമണിപിള്ള എന്നിവർ ജീവനക്കാർക്ക് പിന്തുണയുമായി വന്നതോടെ വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചു.
എൽ.ഡി.എഫ് കൗൺസിലർമാരായ സുനി കൈലാസൻ,റസിയ നിഷാദ് എന്നിവർ താത്കാലിക ജീവനക്കാരി ജോലി ചെയ്തുകൊണ്ടിരുന്ന കമ്പ്യൂട്ടറിന്റെ മോണിറ്റർ എടുത്തുമാറ്റാൻ ശ്രമിച്ചത് യു.ഡി.എഫ് കൗൺസിലർമാർ തടഞ്ഞു. കാലാവധിക്കുശേഷം പിരിച്ചുവിട്ട മൂന്ന് താത്കാലിക ജീവനക്കാരികൾ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. സമരം ചെയ്തിരുന്ന .ഡി.വൈ.എഫ്.ഐ നേതാക്കളെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. സംഘർഷത്തിൽ ജീവനക്കാർക്കും പൊലീസുകാരിക്കും പരിക്കേറ്റിട്ടുണ്ട്
ഡി.വൈ.എഫ്.ഐ നേതാക്കളായ ഒ.എ. സലാഹുദീൻ, കെ.എം. ശിഹാബ്, ലുക്ക്മാൻ ഹക്കീം ഉൾപ്പെടെ പത്തുപേർക്കെതിരെയും എൽ.ഡി.എഫ് വനിതാ കൗൺസിലർമാർക്കെതിരേയും പിരിച്ചുവിട്ട മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു.
സി.പി.എം നേതാക്കളായ കെ.ബി. വർഗീസ്, കെ.ടി. എൽദോ, സി.എൻ. അപ്പുക്കുട്ടൻ,എൻ.പി ഷണ്മുഖൻ തുടങ്ങിയവർ എൽ.ഡി.എഫ് കൗൺസിലർമാരുമായി ചർച്ചനടത്തിയശേഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. .
# ബന്ധുനിയമനം റദ്ദാക്കിയതിലുളള പ്രതികാരം
കൗൺസിലർമാരുടെ ബന്ധുക്കളെ ഉൾപ്പെടെ കാലാവധി കഴിഞ്ഞപ്പോൾ ഒഴിവാക്കിയതിലുളള പ്രതികാരമാണ് എൽ.ഡി.എഫ് നടത്തുന്നത്. ചട്ടപ്രകാരം തന്നെയാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നത്. കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്. പൊലീസ് രാഷ്ട്രീയം കളിക്കുകയാണ്.
# സമരം അവസാനിപ്പിക്കുന്നു
തൃക്കാക്കര ട്രിബിൾ ലോക്ക് ടൗണിലേക്ക് പോയ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുന്നു. താത്കാലിക ജീവനക്കാരുടെ നിയമനം രാഷ്ട്രീയലക്ഷ്യം വച്ചുളളതാണ്. കിഴക്കൻ മേഖലയിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി തെങ്ങോട് കുടിവെള്ള പദ്ധതി യു.ഡി.എഫ് ഭരണസമിതി അട്ടിമറിച്ചിരിക്കുകയാണ്. ഭരണസമിതിയുടെ ജനവിരുദ്ധ നടപടി തിരുത്താൻ തയ്യാറാവണം.
കെ.ബി വർഗീസ്,
സി.പി.എം ഏരിയാ സെക്രട്ടറി