കോലഞ്ചേരി: വെറുതെ കിടന്ന് നശിക്കാൻ ചേലക്കുളത്തെ ഖാദി യൂണിറ്റ്. മുടക്കിയ ലക്ഷങ്ങൾ പാഴായിട്ടും അധികൃതരുടെ നിസംഗത തുടരുന്നു. ഇക്കണക്കിനു പോയാൽ കിഴക്കമ്പലം ചേലക്കുളത്തെ ഖാദി ബോർഡിന്റെ വ്യവസായ യൂണി​റ്റിന് ‌അന്ത്യ കൂദാശ വേണ്ടിവരും. ലക്ഷക്കണക്കിനു രൂപയുടെ വില വരുന്ന ഫയലുകളടക്കം ഇവിടെ കെട്ടി കിടന്ന് നശിക്കുകയാണ്. ഒന്നേകാൽ ഏക്കർ സ്ഥലത്തെ ബഹു നില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന യൂണി​റ്റിൽ നോട്ട് ബുക്ക്,റോയൽ ഇന്ത്യ ബാർ സോപ്പ്,ഫയൽ ബോർഡ്, ക്യാരി ബാഗ് തുടങ്ങിയ ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി.വൻ തോതിൽ ഉത്പാദനം നടത്താൻ ശേഷിയുള്ള യന്ത്രങ്ങളും അനുബന്ധ സൗകര്യങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്.ഒട്ടേറെ തൊഴിൽ സാദ്ധ്യതകളുള്ള യൂണി​റ്റിൽ 120 തൊഴിലാളികളോളം പണിയെടുത്തിരുന്നു. ഇപ്പോൾ കൈവിരലിൽ എണ്ണാവുന്ന ആളുകൾ പോലുമില്ല.

യൂണി​റ്റിന്റെ മുഴുവൻ ചുമതലയും ഡവലപ്പ്‌മെന്റ് ഓഫീസർക്കാണ്. ഖാദിയൂണി​റ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് മാറി മാറി വരുന്ന സർക്കാരുകൾക്ക് നിവേദനം നൽകുന്നുണ്ടങ്കിലും യാതൊരു പരിഹാരവും ഉണ്ടാകുന്നില്ലന്ന് തൊഴിലാളികൾ പറയുന്നു.

നിലവിലുള്ളത് നാമമാത്രമായ നിർമാണങ്ങൾ

ഫയൽ ബോർഡിന്റെ നിർമാണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. റോയൽ ഇന്ത്യ എന്ന പേരിൽ ഗുണനിലവാരമുള്ള ബാർ സോപ്പ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ലാഭം മാർക്ക​റ്റുകൾ വഴിയായിരുന്നു വില്പന. ഉത്പാദനം നിലച്ചതോടെ വില്പനയും നിന്നു. നോട്ട് ബുക്ക് നിർമ്മാണം തുടങ്ങിയതും ഇപ്പോഴില്ല. സർക്കാരിന് വേണ്ടിയുള്ള ഫയലുകളാണ് ഇപ്പോൾ ഇവിടെ നാമ മാത്രമായി നിർമ്മിക്കുന്നത്. ഇതിന് ആവശ്യമായ ലോട്ടറി വേസ്​റ്റ് ആവശ്യത്തിന് കിട്ടാത്തതും നിർമാണത്തിന് തടസമാണ്.

തുരുമ്പെടുത്ത് യന്ത്രങ്ങൾ

പ്ലാസ്​റ്റിക് നിരോധനം വന്നതോടെ പേപ്പർ കാരി ബാഗുകൾ ഉത്പാദിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുതൽ മുടക്കി ഉപകരണങ്ങൾ വാങ്ങിയെങ്കിലും ഒരു കാരി ബാഗ് പോലും നിർമ്മിച്ചില്ല. ഏക്കർ കണക്കിന് ഭൂമിയും കെട്ടിടങ്ങളും കോടികൾ വിലമതിക്കുന്ന യന്ത്ര സാമഗ്രികളും യഥാസമയം അ​റ്റകു​റ്റപണികൾ നടത്താതെയും പ്രവർത്തിക്കാതെയും തുരുമ്പെടുത്ത അവസ്ഥയിലാണ്. പല യന്ത്രങ്ങളും പ്രവർത്തനം നിലച്ച നിലയിലാണ്. ഉത്പ്പന്ന നീക്കത്തിനായ് വാങ്ങിയ മിനി വാനും ഓടാതെ കിടക്കുകയാണ്.