മൂവാറ്റുപുഴ: ജനകീയ കൂട്ടായ്മ പായിപ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ പരുതകുളം ശുചീകരിച്ചു. മൂന്ന് പതിറ്റാണ്ട് കാലമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനെ തുടർന്ന് പായലുകളും മറ്റും വളർന്ന് ഉപയോഗ ശൂന്യമായി കിടന്ന കുളമാണ് വാർഡ് മെമ്പർ സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്. കടുത്ത വേനലിലും ജലസമൃദ്ധമായ കുളം ഒരു കാലത്ത് പ്രദേശവാസികൾ കുളിക്കുന്നതിനും മറ്റും ഉപയോഗിച്ചിരുന്നു . എന്നാൽ കാലാകാലങ്ങളിൽ കുളത്തിൽ നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ കുളം പായലുകളും കളകളും നിറഞ്ഞ് മാലിന്യ വാഹിനിയായി കിടക്കുകയായിരുന്നു. കുളം ശുചീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്നാണ് വാർഡ് മെമ്പർ സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയോടെ കുളം ശുചീകരിച്ചത്. ലാലു പിജി, സനൽ കുമാർ, പി.എസ്.സുബിൻ, ശാഹുൽ ഹമീദ്, സജി കെ.ടി, ഉണ്ണികൃഷ്ണൻ പുത്തൻപുര എന്നിവർ നേതൃത്വം നൽകി.