മൂവാറ്റുപുഴ: കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക മേഖലകളെല്ലാം കൂപ്പു കുത്തിയെങ്കിലും ശ്രദ്ധേയമായ വളർച്ച കൈവരിച്ച് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ. വായ്പ വിതരണത്തിലും തിരച്ചടവിലും വളർച്ച നേടാനായതായി കോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷും ഡയറക്ടർ ബോർഡ് മെമ്പർ ഗോപി കോട്ടമുറിക്കലും അറിയിച്ചു.
2020-21 സാമ്പത്തിക വർഷം 49.51 കോടി രൂപയുടെ അറ്റാദായമാണ് കോർപ്പറേഷൻ നേടിയത്. 632 കോടി രൂപ വായ്പ നൽകി. മുൻ വർഷത്തേക്കാൾ 25ശതമാനം കൂടുതലാണിത്. കോർപ്പറേഷന്റെ മൊത്തം ആസ്തി 1545 കോടിരൂപയായും അറ്റ ആസ്തി 415 കോടിയായും വർദ്ധിച്ചു.
സ്വയം തൊഴിൽ / ബിസിനസ് വായ്പയിനത്തിൽ 188 കോടിയും വിദ്യാഭ്യാസ വായ്പയിനത്തിൽ 24 കോടിയും മൈക്രോഫിനാൻസ് വായ്പയായി 242 കോടിയും ഭവന നിർമ്മാണവായ്പയായി 23കോടിയും വിവാഹ വായ്പയായി 50 കോടിയും മറ്റുവായ്പകളായി 105 കോടിയും വിതരണം ചെയ്തു. വിതരണം ചെയ്ത 632 കോടിയിൽ 392 കോടി കേന്ദ്രഏജൻസികളിൽ നിന്ന് ലഭിച്ചതാണ്. ബാക്കി 340 കോടി കോർപ്പറേഷന്റെ സ്വന്തം ഫണ്ടാണ്.
കൊവിഡ് സാഹചര്യത്തിലും വായ്പാ തിരിച്ചടവ് മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 20.35 കോടി വർദ്ധിച്ചു. കൊവിഡിന്റെ വ്യാപനം നിലനിൽക്കേ കോർപ്പറേഷൻ സ്വന്തം ഫണ്ട് വഴി നടപ്പാക്കുന്ന പദ്ധതികളുടെ പലിശ കുറയ്ക്കുന്ന കാര്യം ബോർഡിന്റെ സജീവ പരിഗണനയിലാണ്. ഹെഡ് ഓഫീസ് കൂടാതെ 34 ഓഫീസുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ദേശീയ തലത്തിൽ ഏറ്റവും മികവാർന്ന പ്രവർത്തനം കാഴ്ച വെയ്ക്കുന്ന സംസ്ഥാനതല ഏജൻസിയെന്ന ബഹുമതി കോർപ്പറേഷന് ചെയർമാൻ ടി.കെ. സുരേഷ് കൂട്ടിചേർത്തു.