തൃക്കാക്കര: തൃക്കാക്കരയിൽ ബന്ധുനിയമനം നടന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ സമരം ഫലം കണ്ടു. തൃക്കാക്കരയിലെ 32-ാം നമ്പർ അങ്കണവാടി ടീച്ചറായിരുന്ന സുമതി വിരമിച്ച ഒഴിവിലേക്ക് ചട്ടങ്ങൾ മറികടന്ന് ലീഗ് കൗൺസിലറുടെ ബന്ധുവിനെ നിയമിക്കാനുള്ള നീക്കമാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കിയത്. മേയ് 27 നായിരുന്നു സംഭവം. ചട്ടപ്രകാരം അങ്കണവാടി ടീച്ചറുടെ നിയമന പട്ടികയിൽ നാലുപേർ ഉണ്ടായിരുന്നെങ്കിലും മറ്റൊരാളെ നിയമിക്കാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി മെമ്പർ ഒ.എം സലാഹുദ്ദീൻ, മുൻ കൗൺസിലറും മോണിറ്ററിംഗ് കമ്മിറ്റി അംഗവുമായ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിജിലൻസിലും പരാതി നൽകിയിരുന്നു. ഐ.സി.ഡി.എസ് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം ബിന്ദു പി.എസ് നെ 32-ാം നമ്പർ അങ്കണവാടി ടീച്ചറായി നിയമിച്ചുകൊണ്ട് സി.ഡി.പി.ഓ ഉത്തരവ് നൽകുകയായിരുന്നു.