ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് അധികൃതർ വാക്സിൻ വിതരണവും പക്ഷപാതപരമാക്കിയെന്ന് ആക്ഷേപം. ഭരണപക്ഷ മെമ്പർമാരുടെ വാർഡുകളിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകി മറ്റ് പ്രതിപക്ഷ വാർഡുകളെ അവഗണിക്കുകയാണെന്നാണ് ആരോപണം. പഞ്ചായത്തിലെ വാക്സിൻ വിതരണ പട്ടിക പരിശോധിച്ച് ആരോപണം ശരിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇക്കാര്യത്തിൽ പ്രതിപക്ഷത്തെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായാണ് പ്രതിഷേധം ഉയർത്തിയത്. കഴിഞ്ഞ മാസം 28ന് ജല്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ പഞ്ചായത്ത് നേരിട്ട് 70 ശതമാനവും ഓൺലൈൻ ഷെഡ്യൂൾ ചെയ്തവർക്ക് 30 ശതമാനവും വാക്‌സിൻ നൽകാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം വരെ ഓരോ വാർഡിനും അഞ്ച് വാക്‌സിൻ വീതം കൊടുത്തു. അവശേഷിക്കുന്ന അഞ്ച് വാക്‌സിൻ പഞ്ചായത്തിൽ മുൻഗണന അർഹിക്കുന്നവർക്ക് നൽകാനാണ് നിശ്ചയിച്ചത്.
പ്രതിപക്ഷ അംഗങ്ങൾ ഇക്കാര്യം മെഡിക്കൽ ഓഫിസർ ലിസ്യു സെബാസ്റ്റ്യൻ, കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോ. ഉണ്ണികൃഷ്ണൻ എന്നിവരെ ബോദ്ധ്യപ്പെടുത്തിയ ശേഷം വാക്‌സിൻ വിതരണ കേന്ദ്രത്തിൽ പ്രതിഷേധിച്ചു. സ്വതന്ത്ര അംഗം സാജു മത്തായി ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷികളിൽപ്പെട്ട പ്രതിപക്ഷ അംഗങ്ങളായ ടി.പി. അസീസ്, കെ.എ. ജോയ് , സതീശൻ, റസീല ഷിഹാബ്, സനില, വാഹിദ അബ്ദുൽ സലാം, ആബിദ അബ്ദുൽ ഖാദർ, അബ്ദുൽ നജീബ് എന്നിവർ പങ്കെടുത്തു.