കൊച്ചി: കെ.എസ്.ഇ.ബി 2019ലെ മസ്ദൂ‌‌ർ നിയമനത്തിൽ ക്രമക്കേട് നടന്നതായി തൊഴിലാളികൾ. 2002ലെ ഇന്റസ്ട്രീയിൽ ട്രൈബ്യൂണലന്റെയും 2004ലെ ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിൽ 2004ന് മുൻപ് 5 മുതൽ 25 വർഷവും 1200 ദിവസവും ജോലി ചെയ്ത തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനുള്ള ഉത്തരവിന്റെ മറവിൽ 1200 ദിവസം ജോലി ചെയ്തു എന്ന വ്യാജ രേഖകൾ ഉണ്ടാക്കി 1980 മുതൽ 1984 വരെ ജനിച്ചവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് ക്രമക്കേട് നടത്തിയതെന്ന് തൊഴിലാളികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2002, 2004 വിധികളുടെ പശ്ചാത്തലത്തിൽ വൈദ്യുത ബോർഡിൽ ജോലി ചെയ്യുന്നവരുടെ പ്രായം 22 വയസ് കഴിഞ്ഞിരിക്കണം. എന്നാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയവർക്ക് 15 മുതൽ 18 വയസ്സു വരെയെ ആകുന്നുള്ളൂ. ഇത്തരത്തിൽ 100ൽ അധികം പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. ലേബർ കമ്മീഷനും വൈദ്യുത ബോർഡും പി.എസ്.എസ്.സിയും 2004ലെ വിധി അനുസരിച്ചുള്ള രേഖകൾ പരിശോധിച്ചിരുന്നെങ്കിൽ ഇത്രയധികം ആളുകൾ കടന്നു കൂടുകയില്ലായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബാബുരാജ്, അപ്പുക്കുട്ടൻ എന്നിവർ അറിയിച്ചു.