ആലുവ: ഓഹരി ഉടമകൾക്ക് 35 ശതമാനം ലാഭവിഹിതം നൽകാൻ ഫെഡറൽ ബാങ്കിന്റെ 90-ാമത് വാർഷിക പൊതുയോഗം അനുമതി തേടി. മുൻഗണനാ ഓഹരി വില്പന, കടപ്പത്രങ്ങളിലൂടെ ടിയർ-1 മൂലധന സമാഹരണം തുടങ്ങിയ നടപടികൾക്കും ചെയർപേഴ്‌സൺ ഗ്രേസ് എലിസബത്ത് കോശിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗം ഓഹരി ഉടമകളുടെ അനുമതി തേടി. ഓഡിറ്റ് ചെയ്‌ത പ്രവർത്തനഫലം, മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അശുതോഷ് ഖജൂരിയ, സ്വതന്ത്ര ഡയറക്‌ടർ എ.പി. ഹോട്ട എന്നിവരുടെ പുനർനിയമനം, വർഷ പുരന്ദരയെ സ്വതന്ത്ര ഡയറക്‌ടറാക്കൽ എന്നിവയ്ക്കുള്ള അനുമതിയും തേടിയിട്ടുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ, ക്ളബ്ഹൗസ് എന്നിവവഴി വാർഷിക പൊതുയോഗം തത്സമയം സംപ്രേഷണം ചെയ്‌ത ആദ്യ ബാങ്കെന്ന നേട്ടവും ഫെഡറൽ ബാങ്ക് സ്വന്തമാക്കി.