പറവൂർ: ദേശീയപാത 66 നിർമ്മാണത്തിന്റെ ഭാഗമായി ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ 45 മീറ്റർ വീതിയിൽ റോഡ് പണിയാൻ സ്ഥലം ഏറ്റെടുക്കുന്നതിനും ടെണ്ടർ നടപടിക്രമങ്ങളും അതിവേഗം പുരോഗമിക്കുന്നു. നന്ത്യാട്ടുകുന്നത്ത് പ്രവർത്തിക്കുന്ന ലാൻഡ് അക്വസിഷൻ സ്പെഷൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ ജീവനക്കാർ അവധി ദിവസങ്ങളിൽ ഉൾപ്പെടെ ജോലികളുമായി മുന്നോട്ട് പോകുകയാണ്. സ്ഥലം വിട്ടുകൊടുക്കുന്ന ഭൂവുടമകൾക്ക് ആദ്യ ഗഡു നഷ്ടപരിഹാരം നാല് മാസത്തിനുള്ളിൽ കൊടുക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനമെന്ന് ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ പറഞ്ഞു. ഇടപ്പള്ളി മുതൽ മൂത്തകുന്നം 26 കിലോമീറ്റർ നീളമുള്ള ആറുവരിപാത വരെ എട്ട് വില്ലേജുകളിലൂടെ കടന്നുപോകും. ഇടപ്പള്ളി, ചേരാനല്ലൂർ, വടക്കേക്കര, പറവൂർ വില്ലേജുകളിലെ ത്രീ.ഡി വിജ്ഞാപനമിറങ്ങി. വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, മൂത്തകുന്നം എന്നീ വില്ലേജുകളുടേത് ഓഗസ്റ്റ് ആദ്യവാരം പുറത്തിറക്കും. ത്രീ.ഡി വിജ്ഞാപനം പുറത്തിറക്കിയ വില്ലേജുകളിലെ സ്ഥലങ്ങളുടെ വിലനിർണയം പൂർത്തിയായി. ഓരോ വ്യക്തികളുടെയും എത്ര സ്ഥലം നഷ്ടപ്പെടുമെന്ന് തിട്ടപ്പെടുത്തുന്ന സർവേ നടപടികൾ പൂർത്തിയാക്കിയശേഷം എല്ലാ ഭൂവുടമകളെയും നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട ഹിയറിംഗിനു വിളിക്കും. തുടർന്നാണു ധനസഹായം വിതരണം ചെയ്യുക. മാന്യമായ നഷ്ടപരിഹാരം നൽകുമെന്നു തന്നെയാണ് അധികൃതർ പറയുന്നത്. സ്ഥലം ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറുക എന്നതാണ് സ്പെഷൽ ഡെപ്യൂട്ടി കളക്ടർ ഓഫീസിന്റെ ചുമതല. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റിയാണ് ചെയ്യുക.