കോലഞ്ചേരി: പള്ളിക്കര കുമാരപുരത്ത് ഹൈടെക് വില്ലേജ് ഓഫീസൊരുങ്ങുന്നു. സംസ്ഥാന സർക്കാർ വിവിധയിടങ്ങളിലായി 40 വില്ലേജ് ഓഫീസുകൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായാണ് കുമാരപുരത്തെ വില്ലേജ് ഓഫീസ് ഹൈടെക്കാകുന്നത്. ഏകദേശം 1200 ചതുരശ്രയടി വിസ്തീർണത്തിൽ 45 ലക്ഷത്തോളം രൂപയാണ് വില്ലേജ് ഓഫീസിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഫ്രണ്ട് ഓഫീസ്, രേഖകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലും സന്ദർശകർക്ക് ഇരിക്കാനായി പ്രത്യേക മുറികൾ, ഡിജിറ്റൽ റെക്കോഡ് റൂമുകൾ, കമ്പ്യൂട്ടറൈസ്ഡ് ചെയ്ത വിഭാഗങ്ങൾ, അത്യാധുനിക നിലവാരത്തിൽ കെട്ടിടം, ടൈൽ പാകിയ തറകൾ ഉൾപ്പടെ ഓഫീസിലെത്തുന്നവർക്ക് സൗകര്യപ്രദമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയാകും പണി പൂർത്തീകരിക്കുന്നതെന്ന് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. കെട്ടിട നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ പൊതുമരാമത്ത് വകുപ്പ് ഉടൻ തുടങ്ങും. സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്.