കളമശേരി: കൊച്ചിയിൽ ആദ്യത്തെ ശാസ്ത്രസാങ്കേതിക സർവകലാശാല സ്ഥാപിച്ച മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെ സർക്കാരും സർവകലാശാലയും അവഗണിച്ചായി മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് കൊച്ചി സർവകലാശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ജൂലായ് 12ന് രാവിലെ 10 മണിക്ക് രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി പ്രതിമക്ക് മുന്നിൽ സത്യഗ്രഹം സംഘടിപ്പിക്കാൻ മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൾ മജീദ് അദ്ധ്യക്ഷനായ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, ട്രഷറർ എൻ.കെ നാസർ, അഡ്വ.മുഹമ്മദ് ഷാ തുടങ്ങിയവർ സംസാരിച്ചു.
കൊച്ചി കോർപറേഷനിലെ കേബിൾ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.