മൂവാറ്റുപുഴ: പോക്‌സോ കേസ് പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനെ സംരക്ഷിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ വിദ്യാർത്ഥി സദസ് സംഘടിപ്പിച്ചു. വിദ്യാർത്ഥി സദസ് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു. പ്രതിയെ ഉടൻ പിടികൂടിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി എ.ഐ.എസ്.എഫ് രംഗത്ത് വരുമെന്നും അരുൺ ബാബു പറഞ്ഞു. യോഗത്തിൽ എ.ഐ .എസ്. എഫ് എറണാകുളം ജില്ലാ സെക്രട്ടറി എം.ആർ.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ, സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടികുഴി, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷാ രാജു തുടങ്ങിയവർ സംസാരിച്ചു.