കൊച്ചി: കുഞ്ഞുങ്ങളെയും സ്ത്രീകളെയും സംരക്ഷിക്കാൻ കഴിയാത്ത ഭരണകൂടമാണ് കേരളത്തിലേതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഇത്തരം ഭരണം കേരളത്തിന് ആവശ്യമില്ല. 'മകൾക്കൊപ്പം' പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം രാജേന്ദ്രമൈതാനത്തിന് സമീപം ഗാന്ധി സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധിയിലാകുന്ന സ്ത്രീകളെ ചേർത്തുപിടിക്കേണ്ട വനിതാ കമ്മിഷൻ നഷ്‌ടമായ വിശ്വാസ്യത തിരിച്ചുപിടിക്കേണ്ട അവസ്ഥയിലാണ്. ആറുവയസുള്ള കുഞ്ഞിനെ പിച്ചിച്ചീന്തുമ്പോൾ എങ്ങനെ പ്രബുദ്ധകേരളമെന്ന് പറയാൻ കഴിയും. ഓരോ പീഡനവും മറ്റുളളവർക്കല്ല, സ്വന്തം മക്കൾക്കുണ്ടായതാണെന്ന വേദന എല്ലാവർക്കും വേണം. സ്ത്രീൾക്കായി തന്റെ ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. മിനിമോൾ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ, ഡൊമിനിക് പ്രസന്റേഷൻ, ജോസഫ് ആന്റണി, മഹിളാ കോൺഗ്രസ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റുഖിയ ജമാൽ, സുനീല സിബി, ജില്ലാ ഭാരവാഹികളായ മേഴ്സി ജോർജ്, അജിത തങ്കപ്പൻ, ലിജ ഫ്രാൻസിസ്, റീത്തപോൾ, സീമ കണ്ണൻ, ഷീബു ഡ്യൂറോം എന്നിവർ പ്രസംഗിച്ചു.