കൊച്ചി: റെയിൽ പാലം നിർമ്മിക്കുന്നതിനായി വടുതലയിൽ പണികഴിപ്പിച്ച താത്കാലിക ബണ്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി സുനിൽ ജേക്കബ് ജോസ് ഇന്ന് സ്ഥലം സന്ദർശിക്കും. വടുതല ഡോൺബോസ്‌കോ മുതൽ ഡി കൊച്ചിൻ ദ്വീപ് വരെയുള്ള സ്ഥലത്താണ് സന്ദർശനം നടത്തുക. ഡി കൊച്ചിൻ ദ്വീപ് മുതൽ മുളവുകാട് വരെയുള്ള ഭാഗത്തെ സന്ദർശനം സംബന്ധിച്ച് തീരുമാനമായില്ല.
നിർണായക യോഗം മാറ്റി
വടുതല ബണ്ട് വിഷയത്തിൽ കളക്ടർ എസ്.സുഹാസിന്റെ ചേംബറിൽ ഇന്നലെ നടക്കേണ്ടിയിരുന്ന നിർണായക യോഗം മാറ്റിവച്ചു. കോടതി ഇടപെടലിനു പിന്നാലെ ജലവിഭവ വകുപ്പ് വീണ്ടും പരിശോധന നടത്തുകയും റെയിൽവേ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വീണ്ടും യോഗം ചേരാൻ നിശ്ചയിച്ചിരുന്നത്. കളക്ടർക്ക് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലേക്ക് മാറ്റം ലഭിച്ചതിനേത്തുടർന്നാണ് യോഗം മാറ്റിയത്. പുതിയ തീയതി അറിയിച്ചിട്ടില്ല.