photo
ജില്ലയിലെ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഞാറക്കൽ മഞ്ഞനക്കാട് ബോട്ട് ജെട്ടിയിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവ്വഹിക്കുന്നു

വൈപ്പിൻ: മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കാൻ പദ്ധതി ആവിഷ്‌ക്കരിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. കാലാവസ്ഥ വ്യതിയാനം, മലിനീകരണം, അമിത ചൂഷണം തുടങ്ങി വിവിധ കാരണങ്ങൾ മൂലം മത്സ്യസമ്പത്തിനുണ്ടാകുന്ന ശോഷണം ലഘൂകരിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കാനുമുള്ള നടപടികളാണ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് എം.എൽ.എ. വ്യക്തമാക്കി. ഇതിന്റെ ഭാഗമാണ് അതിവേഗം വളരുന്ന മത്സ്യക്കുഞ്ഞുങ്ങളെ പൊതു ജലാശയങ്ങളിൽ നിക്ഷേപിക്കുന്ന പദ്ധതി.
ജില്ലയിലെ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഞാറയ്ക്കൽ മഞ്ഞനക്കാട് ബോട്ട് ജെട്ടിയിൽ നിർവഹിക്കുകയായിരുന്നു എം.എൽ.എ. മത്സ്യ ഉത്പാദനമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് 50,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് മഞ്ഞനക്കാട് നിക്ഷേപിച്ചത്. ഞാറയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി, ഗ്രാമ പഞ്ചായത്ത് അംഗം എൻ. എ.ജോർജ്, ഫിഷറീസ്‌മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. നൗഷർഖാൻ, എക്സ്റ്റൻഷൻ ഓഫീസർ കെ. ബി. സ്മിത, ജൂനിയർ സൂപ്രണ്ട് പി. സന്ദീപ് എന്നിവർ പ്രസംഗിച്ചു.