കൊച്ചി: കൊവിഡ് ആശങ്ക നിലനിൽക്കെ സിക്ക വൈറസ് ഭീഷണി കൂടി വന്നതോടെ ജനങ്ങൾ ഭീതിയിൽ. ഡെങ്കി പനി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകളാണ് ഇവിടെയും വില്ലൻ. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി രണ്ടു മുതൽ ഏഴു ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല. മരണങ്ങൾ അപൂർവമാണ്.

 ഗർഭിണികൾ ജാഗ്രതൈ

ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. കുട്ടികളിലും മുതിർന്നവരിലും നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും.

 അറിയാം ആർ.ടി.പി.സി.ആർ വഴി

എൻ.സി.ഡി.സി. ഡൽഹി, എൻ.ഐ.വി. പൂനെ എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആർ.ടി.പി.സി.ആർ പരിശോധനയാണ് സാധാരണയായി നടത്തുന്നത്.

 മരുന്നില്ല

നിലവിൽ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. രോഗ ലക്ഷണങ്ങളുള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങൾ കൂടുന്നെങ്കിൽ ചികിത്സ തേടേണ്ടതാണ്.

കൊതുകുകടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കിൽ കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങണം.

 ഡ്രൈഡേ നിർബന്ധം

ഉറവിടനശീകരണം നടത്തുന്നതിന് ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം. വെള്ളം കെട്ടിനിൽക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം.

 അടിയന്തര യോഗം ചേർന്നു

സംസ്ഥാനത്ത് സിക്ക വൈറസ് രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലയിലെ സ്ഥിഗതികൾ വിലയിരുത്തുന്നതിനായി ഡി.എം.ഒ ഡോ. എൻ .കെ കുട്ടപ്പന്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. എയർ പോർട്ട്, തുറമുഖങ്ങൾ എന്നിവിടങ്ങളിലും നിരീക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങും. അഡി. ഡി .എം .ഒ ഡോ. ശ്രീദേവി, ഡോ:മാത്യൂസ് നമ്പേലി ,നോൺ കൊവിഡ് സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.