കൊച്ചി: അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്നവർക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 4,289 അനർഹരെ കണ്ടെത്തി. ഒരു മാസത്തിനിടയിലെ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. 568 ആളുകൾ എ.എ.വൈ വിഭാഗത്തിലും 3,721 ആളുകൾ മുൻഗണനാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുകളാണ് കൈവശം വച്ചിരുന്നത്. സിറ്റി റേഷനിംഗ് ഓഫീസിന്റെയും താലൂക്ക് സപ്ലൈ ഓഫീസിന്റെയും മേൽനോട്ടത്തിലാണ് നടപടികൾ.

അനർഹമായി കാർഡ് കൈവശം വയ്ക്കുന്നവരെ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് ഓൺലൈൻ വഴിയും പരാതി സമർപ്പിക്കാം. ഉദ്യോഗസ്ഥർ നേരിട്ടു നടത്തിയ പരിശോധനയിലും പൊതുജനങ്ങൾ ചൂണ്ടിക്കാട്ടിയ പരാതിയിലുള്ള അന്വേഷണത്തെ തുടർന്നാണ് അനർഹരെ കണ്ടെത്തിയത്.