കൊച്ചി: ട്രോളിംഗ് നിരോധന കാലമാണ്. വില്പനയ്ക്ക് എത്തുന്ന മീൻ വയറിന് പണി തരുമോ ? ആശങ്ക ചെറുതല്ല. എന്നാൽ പേടിക്കേണ്ട എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നത്. അടുത്തിടെ നടത്തിയ പരിശോധനയിൽ മത്സ്യ സാമ്പിളുകളിൽ ഒന്നിൽപ്പോലും രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. പള്ളുരുത്തി, മുനമ്പം, ചമ്പക്കര, പേഴയ്ക്കാപ്പിള്ളി എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റിൽ നിന്ന് 45 ലധികം സർവൈലൻസ് സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പൊതുജനങ്ങളിൽ നിന്നുള്ള പതിനഞ്ചിലധികം പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നേരിട്ട് പരിശോധിച്ച് തീർപ്പാക്കി. മത്സ്യങ്ങളുടെ ഗുണമേന്മയെക്കുറിച്ചുള്ള പരാതികളായിരുന്നു അധികവും.
അതേസമയം ജില്ലയിലെ പച്ചക്കറി കടകൾ, വാഹനങ്ങളിൽ ഭക്ഷണം വിൽക്കുന്നവർ, മാംസ വിപണന കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, പലചരക്ക് കടകൾ, ഹോട്ടൽ, എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. മേയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ 160 ലധികം പരിശോധനകളാണ് വകുപ്പ് നടത്തിയത്. പാലിന്റെ പത്ത് സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കി. ഭക്ഷ്യ ഉത്പന്നങ്ങളുടെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും. പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ 17 സ്ഥാപനങ്ങളിലെ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.