kavarcha1

നെടുമ്പാശേരി: വ്യാജ നമ്പർപ്ലേറ്റ് പതിച്ച കാറിൽ കവർച്ചയ്ക്കെത്തിയ മൂന്നംഗസംഘത്തെ ദേശീയപാതയിൽ കരിയാട് സിഗ്‌നലിന് സമീപം പൊലീസ് അറസ്റ്റുചെയ്തു. നിലമ്പൂർ അനുമോദയം വീട്ടിൽ അതുൽ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടിൽ അൻഷിഫ് (19), കോഴിക്കോട് ചേവായൂർ തച്ചിരക്കണ്ടി വീട്ടിൽ വിബീഷ് (21) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.

പൊലീസ് ദേശീയപാതയിൽ പരിശോധന നടത്തുന്നതിനിടയിൽ കാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാഹനം തടഞ്ഞ് യാത്രക്കാരെ ചോദ്യംചെയ്തപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിൽനിന്നാണ് കവർച്ചയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായത്. കാറിന്റെ നമ്പറും വ്യാജമാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു. എസ്.എച്ച്.ഒ പി.എം. ബൈജു, എസ്.ഐ അനീഷ്​ കെ. ദാസ്, എ.എസ്.ഐ ബൈജുകുര്യൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ സജിമോൻ, സജി എം.കെ, മധുസൂദനൻ, ഹസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അങ്കമാലി കോടതിയിൽ ഹാജാരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.