തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ജീവനക്കാർക്കും, കൗൺസിലർമാർക്കും സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി. തൃക്കാക്കര നഗരസഭയിൽ താത്കാലിക ജീവനക്കാരുടെ നിയമനത്തെച്ചൊല്ലി ഡി.വൈ.എഫ്.ഐയുടെയും, എൽ.ഡി.എഫ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ അടിക്കടി സംഘർഷമുണ്ടാവുന്ന സാഹചര്യത്തിലാണ് നഗരസഭ സെക്രട്ടറി എൻ.കെ കൃഷ്ണകുമാർ കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജഡ്ജി സുനിൽ തോമസിന്റെതാണ് ഇടക്കാല വിധി. തൃക്കാക്കര അസി.കമ്മീഷണർ, തൃക്കാക്കര സ്റ്റേഷൻ ഓഫീസർ എന്നിവർക്ക് കോടതി നിർദേശം നൽകി.
നഗരസഭയിൽ പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ നേതാക്കളായ സലാഹുദീൻ,ശിഹാബ് എന്നിവർക്കെതിരെ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഈ മാസം 16 ന് വീണ്ടും പരിഗണിക്കും. ജീവനക്കാർക്കും,കൗൺസിലർമാർക്കും സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി തൃക്കാക്കര അസി.കമ്മീഷണർക്ക് പരാതി കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം നഗരസഭ റവന്യു വിഭാഗത്തിൽ ഡി.വൈ.എഫ്.ഐയുടെയും, എൽ.ഡി.എഫ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ നടന്ന സമരം കൈയ്യാങ്കളിയിൽ എത്തിയിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിട്ടും ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഒരുക്കാൻ തെയാറാവാഞ്ഞതാണ് നഗരസഭ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു. നഗരസഭയ്ക്ക് വേണ്ടി അഡ്വ.ജമാൽ ഹാജരായി.