• കാക്കനാട് കോടതി​യി​ൽ കുറ്റപത്രം സമർപ്പിച്ചു

തൃക്കാക്കര: പിതാവ് മകളെ പുഴയിലെറിഞ്ഞുകൊന്ന വൈഗ കൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി​ സി​റ്റി​ പൊലീസ് സർക്കാരിനെ സമീപിച്ചു. കേസിന്റെ സങ്കീർണതകൾ കണക്കിലെടുത്താണ് ഈ നീക്കം. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ കേസി​ലെ കുറ്റപത്രവും ഇന്നലെ സമർപ്പിച്ചു. 236 പേജുള്ള കുറ്റപത്രത്തിൽ പി​താവ് സാനുമോഹൻ മാത്രമാണ് പ്രതി​.

ഭാര്യയോടുളള ദേഷ്യവും മകളോടുള്ള അമിതസ്നേഹവും കടക്കെണിയിൽനിന്ന് രക്ഷപെടാനുള്ള തന്ത്രമെന്ന നിലയിലുമാണ് വൈഗയെ കൊന്ന് ഒളിവിൽപോകാൻ സാനുമോഹനെ പ്രേരിപ്പിച്ചതെന്ന് തൃക്കാക്കര ഇൻസ്പെക്ടർ കെ. ധനപാലൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

• പൊലീസിനെ കുഴക്കിയ കേസ്

ഒരു മാസത്തോളം കൊച്ചി സിറ്റിപൊലീസിനെ വട്ടം ചുറ്റിച്ചതാണ് വൈഗ കൊലക്കേസ്. കഴിഞ്ഞ മാർച്ച് 21നാണ് 13കാരി വൈഗ കൊല്ലപ്പെട്ടത്. പിറ്റേന്ന് മുട്ടാർപുഴയിൽ മൃതദേഹം പൊങ്ങിയെങ്കിലും പിതാവ് സാനു ദുരൂഹമായി അപ്രത്യക്ഷനായതാണ് അന്വേഷണത്തെ വലച്ചത്. ഏപ്രി​ൽ 19ന് കർണാടകയി​ലെ കാർവാറി​ൽനി​ന്ന് ഇയാളെ പി​ടി​കൂടുകയായി​രുന്നു.

അറസ്റ്റി​ലായി​ 90 ദിവസം തികയും മുമ്പ് കുറ്റപത്രം സമർപ്പി​ച്ചതി​നാൽ പ്രതി​ക്ക് സ്വാഭാവി​കജാമ്യം കി​ട്ടി​ല്ല.

സാനു വിൽക്കുകയും വഴിയിൽ എറിഞ്ഞുകളയുകയും ചെയ്ത ഫോണുകൾ കണ്ടെത്താനായത് കേസിൽ നിർണായക തെളിവാകും.

2017ൽ പൂനെയി​ൽ ആറുകോടി​യുടെ തട്ടി​പ്പ് കേസി​ൽ ഒളി​വി​ലായി​രുന്നു സാനുമോഹൻ. നാല് വർഷമായി​ മുംബയ് പൊലീസി​ന്റെ ഇക്കണോമി​ക് ഒഫൻസ് വി​ഭാഗം തി​രഞ്ഞുകൊണ്ടി​രി​ക്കുകയായി​രുന്നു.

ഡി.സി.പി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിൽ തൃക്കാക്കര എ.സി.പി കെ.ശ്രീകുമാർ, ഇൻസ്പെക്ടർ കെ.ശ്രീകുമാർ, തൃക്കാക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷെമീർഖാൻ, എ.അരുൺ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.കെ. ഗിരീഷ് കുമാർ, സീനിയർ സിവിൽ ഇപൊലീസ് ഓഫീസർമാരായ രഞ്ജിത് ബി. നായർ, എം.എസ്. ജാബിർ, മാഹിൻ അബൂബക്കർ, എം.എസ്. ഷെജീർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

അന്വേഷണം വി​പുലം

• 300ൽ അധികം സാക്ഷി മൊഴികൾ

• നൂറിലധികം രേഖകൾ

• എഴുപതിലധികം തൊണ്ടി മുതലുകൾ

• അന്വേഷണം ആറ് സംസ്ഥാനങ്ങളിൽ

• അരലക്ഷത്തോളം ഫോൺ കാളുകൾ പരിശോധിച്ചു

• വി​വി​ധ സംസ്ഥാനങ്ങളി​ലായി​ മുപ്പതിലധി​കം ജില്ലകളിലെ സി.സി.ടി.വി കാമറകളും പരിശോധിച്ചു

വൈഗ എന്ന മി​ടുക്കി​

ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി​കളായ സാനുമോഹന്റെയും രമ്യയുടെയും മകളായി​രുന്നു തേവയ്ക്കൽ വി​ദ്യോദയ സ്കൂളി​ലെ നാലാം ക്ളാസുകാരി​ വൈഗ. നർത്തകി​യും ചി​ത്രകാരി​യും പാട്ടുകാരി​യുമായ വൈഗ ഒരു സി​നി​മയി​ലും അഭി​നയി​ച്ചി​ട്ടുണ്ട്. പൂനെയി​ൽ നി​ന്ന് 2016ലാണ് വൈഗയുടെ കുടുംബം കാക്കനാട് കങ്ങരപ്പടി​ ഗോകുലം ഹാർമണി​ ഫ്ളാറ്റി​ൽ താമസം തുടങ്ങി​യത്.