pic

കോതമംഗലം: ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് നേരം ഇരുട്ടി വെളുപ്പിക്കേണ്ട അവസ്ഥയിലാണ് വടക്കുംഭാഗം വാവേലി പ്രദേശവാസികൾ. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ കാട്ടാന ശല്യം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കോട്ടപ്പാറ വന മേഖലയിൽ നിന്നാണ് ആനകൾ കൂട്ടത്തോടെ കാടിറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷിസ്ഥലങ്ങളും വളർത്തുമൃഗങ്ങളെയും ആക്രമിച്ച് കാട്ടാനക്കൂട്ടം വിഹാരം നടത്തികൊണ്ടിരിക്കുകയാണ് . കഴിഞ്ഞ പുലർച്ചെ ഇറങ്ങിയ ആനക്കൂട്ടം വാവേലി അരീക്കാട്ടിൽ ഓമനയുടെ പുരയിടത്തിലേയ്ക്കുള്ള ഗേറ്റ് ചവിട്ടി തകർത്തത് അകത്തുകടന്നു. മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പതിവായി എത്തുന്ന കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കാട്ടാനക്കൂട്ടത്തെ തുരത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഫലപ്രദമായി നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച്ച പുരയിടത്തിൽ കെട്ടിയിരിക്കുന്ന പശുക്കിടാവിനെ ആന മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഓരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും യോഗങ്ങൾ വിളിച്ചുകൂട്ടി ആളുകളെ പറ്റിക്കുകയാണ് വനംവകുപ്പ് ചെയ്യുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു.