കൊച്ചി: രാഷ്ട്രീയ പ്രത്യയശാസ്ത്രം ഹീനമായ കൊലപാതകങ്ങളിലേക്കും അതുവഴി കുടുംബങ്ങളെ തീരാദുഃഖത്തിലേക്കും നയിക്കുന്നതാവരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബി.ജെ.പി പ്രവർത്തകനായിരുന്ന തൃശൂർ വാസുപുരം കാട്ടൂർ വീട്ടിൽ അഭിലാഷിനെ (31) 2015ലെ തിരുവോണനാളിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ചു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചാണ് ഇക്കാര്യം പറഞ്ഞത്.
പരിഷ്‌കൃത സമൂഹത്തിൽ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ആദർശവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ അവയ്ക്ക് കഴിയണം. കൊലപാതകങ്ങൾക്ക് വഴിയൊരുക്കുന്നതോടെ രാഷ്ട്രീയപ്പാർട്ടികളുടെ പ്രത്യയശാസ്ത്രം തന്നെ ഇരുണ്ടുപോകുമെന്നും കൊടിയുടെ നിറങ്ങളെക്കുറിച്ച് പറയുന്നില്ലെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു. കള്ളവും ചതിവുമില്ലാത്ത മാവേലിക്കാലത്തിന്റെ ഓർമ്മ പുതുക്കുന്ന വേളയിൽ ഒരു യുവാവിനെ ജീവനോടെ കശാപ്പു ചെയ്ത സംഭവമാണിത്.
ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകരും പ്രതികളുമായ വാസുപുരം ചെറുപറമ്പിൽ ഷാന്റോയെന്ന ഷാന്റപ്പൻ, കിഴക്കേപ്പുരയ്ക്കൽ ജിത്ത്, പൊറ്റക്കാരൻ വീട്ടിൽ ഡെന്നിസ്, ചവറക്കാടൻ വീട്ടിൽ ശിവദാസൻ, ഐനിക്കാടൻ വീട്ടിൽ രാജൻ എന്നിവർ നൽകിയ അപ്പീലാണ് തള്ളിയത്.
ആകെ 18 പ്രതികളുണ്ടായിരുന്ന കേസിൽ ഒന്നുമുതൽ നാലുവരെ പ്രതികളെയും ഏഴാം പ്രതിയെയും മാത്രമാണ് വിചാരണക്കോടതി ശിക്ഷിച്ചത്. മറ്റു പ്രതികളെ വെറുതേ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച് പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ മാത്രമാണ് പരിശോധിക്കുന്നതെന്നും വ്യക്തമാക്കി.
2015 ആഗസ്റ്റ് 28ന് സുഹൃത്തിന്റെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് അഭിലാഷിനെ പ്രതികൾ വകവരുത്തിയത്. ഒപ്പം വന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു. കേസിലെ മറ്റുപ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റം ഉൾപ്പെടെ പ്രോസിക്യൂഷനു തെളിയിക്കാനായില്ലെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതിയും ശരിവച്ചു.