കൊച്ചി: റോഡിലും നടപ്പാതകളിലുമുള്ള അനധികൃത വാഹന പാർക്കിംഗ് മൂലം വഴിനടക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കാൽനട യാത്രക്കാർ. നഗരത്തിൽ എം.ജി റോഡിലേയും ഇടറോഡുകളിലേയും ഭൂരിഭാഗം നടപ്പാതകളിലും അനധികൃതമായി വാഹനങ്ങൾ നിറുത്തിയിടുന്നത് യാത്രക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
എം.ജി റോഡിലെ മെട്രോ സ്റ്റേഷനുകൾക്ക് സമീപവും പത്മ ജംഗ്ഷൻ, വുഡ്ലാന്റ് ജംഗ്ഷൻ എന്നിവിടങ്ങളിലും ഇടറോഡുകളായ ഹോസ്പിറ്റൽ റോഡ്, കളക്ടർ ബംഗ്ലാവ് റോഡ് ഡി.എച്ച് റോഡിലും ടി.ഡി. റോഡിലുമെല്ലാം ഇതാണവസ്ഥ. സ്മാർട്ട് സിറ്റി മിഷന്റെ കീഴിൽ കോടികൾ മുടക്കി പുനർനിർമ്മിച്ച റോഡുകളിലെ പുതിയ ഫുട്പാത്തുകൾ ഇപ്പോൾ അക്ഷരാർത്ഥത്തിൽ പാർക്കിംഗ് കേന്ദ്രങ്ങളായി.
ഇതുമൂലം റോഡിലൂടെയും നടപ്പാതകളിലൂടെയും നടക്കാൻ സാധിക്കാതെ റോഡിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
റോഡുകളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നത് കൂടാതെ സിഗ്നലുകളിൽ എത്തുമ്പോൾ വേഗം കയറി പോകുന്നതിനായി നടപ്പാതകളിലേക്ക് വാഹനങ്ങൾ കയറ്റി വയ്ക്കുന്നവരുമുണ്ട്. കാറുകളും മറ്റു വലിയ വാഹനങ്ങളും ഇത്തരത്തിൽ പാർക്കു ചെയ്യുമ്പോൾ വലിയ ബുദ്ധമുട്ടാണ്. റോഡിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുമ്പോൾ റോഡിൽക്കൂടി കടന്നു പോകാനും സാധിക്കില്ല. സമാധാനത്തോടെ ആകെ നടന്നു പോകാൻ സാധിക്കുന്ന വഴി ഇത്തരം നടപ്പാതകളാണ്. അവിടെ വാഹനങ്ങൾ പാർക്കുചെയ്യുമ്പോൾ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആരും പരിഗണിക്കാത്ത അവസ്ഥയാണിപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോൾ തന്നെ ഇതാണ് അവസ്ഥ. നിയന്ത്രണങ്ങൾ മാറി നഗരം തിരക്കിലമർന്നാൽ ഫുട്പാത്തുകൾ അനധികൃത പാർക്കിംഗുകാർ കൈയടക്കുമെന്ന് ഉറപ്പാണ്.
പാർക്കിംഗ് സൗകര്യം കുറവ്
വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് നഗരത്തിൽ കാര്യമായ സംവിധാനങ്ങളില്ല. ഇതുമനസിലാക്കി അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണം.
വി.ജി.ശിവദാസ്
യാത്രക്കാരൻ
ജനറൽ ആശുപത്രിയിൽ പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും പലരും നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുന്നത് പതിവാണ്. ഇവരോട് ഉടൻ തന്നെ വാഹനം മാറ്റാൻ ആവശ്യപ്പെടാറുണ്ട്. വലിയ വാഹനങ്ങൾ ആണെങ്കിൽ ഉടമയെ വിളിപ്പിച്ചു മാറ്റും. വാഹനം മാറ്റാത്തവർക്കെതിരെ നടപടി എടുക്കാറുണ്ട്.
ട്രാഫിക് പൊലീസ്