പറവൂർ: പറവൂർ നഗര പ്രദേശത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമാക്കാൻ തീരുമാനിച്ചു. 17.08 ശതമാനം ടി.പി.ആറാണ് കഴിഞ്ഞ ആഴ്ചയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും ടി.പി.ആർ 15 ശതമാനത്തിനു മുകളിലായിരുന്നു. ഇതു തുടരുകയാണെങ്കിൽ അടുത്ത ആഴ്ചയിലും ട്രിപ്പിൾ ലോക്ക്ഡൗൺ നഗരത്തിലുണ്ടാവും. ടി.പി.ആർ കുറക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും വിവിധ വകുപ്പുകളും സംഘടനകളുമായി പറവൂർ നഗരസഭ ചെയർപേഴ്സൺന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.

എല്ലാ വെള്ളിയാഴ്ചകളിലും അവലോകന യോഗം ചേരുവാനും തീരുമാനിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാന്റിംഗ് കമ്മിറ്റിം അദ്ധ്യക്ഷരായ ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, ബീന ശശിധരൻ,ശ്യാമള ഗോവിന്ദൻ, നഗരസഭ മുൻ ചെയർമാൻ ഡി. രാജ്കുമാർ, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, കൗൺസിലർ ജി. ഗിരീഷ്, സെക്രട്ടറി ഡോ. സിനി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ്, സർക്കിൾ ഇൻസ്പെക്ടർ ഷോജോ വർഗീസ്, ഡോ. വിനീത പ്രമോദ്, പ്രമോദ്, കെ.ടി. ജോണി, കെ.ബി. മോഹനൻ, വി.എ. കാസിം തുടങ്ങിയവർ പങ്കെടുത്തു.

പരിശോധന കൂട്ടും

കൊവിഡ് പരിശോധനകൾ കൂടാനും ഇതിനായി മൊബൈയിൽ ടെസ്റ്റിംഗ് യൂണിറ്റ് അനുവദിത്തുന്നതിന് ജില്ലാ കളക്ടറോട് ആവശ്യപ്പെടാനും തിരുമാനിച്ചു. സെക്ട്രൽ മജിസ്ട്രേറ്റുമാരുടെ സേവനം പുനസ്ഥാപിക്കണം. പരിശോധന ക്യാമ്പുകളിൽ വ്യാപാരികൾ, മോട്ടോർ വാഹന തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹോട്ടൽ ജീവനക്കാ‌ർ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കും. കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും.

നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി

ട്രിപ്പിൾ ലോക്ഡൗൺ കാലയളവിൽ ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ചുവരെ പരചരക്ക്, ഫ്രൂട്ടസ്, പാൽ, ബേക്കറി എന്നിവ പ്രവർത്തിക്കാൻ അനുമതി നൽകും. മെഡിക്കൽ ഷോപ്പുകൾ രാത്രി എട്ടുവരെ പ്രവർത്തിക്കാം. ഹോട്ടലുകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ഹോംഡെലിവറി അനുമതിയുണ്ട്. നഗരത്തിലും സമീപ പ്രദേശങ്ങളിലും പൊലീസ് പെട്രോളിംഗ് കർശനമാക്കും.പൊതുയിടങ്ങളിലും റോഡിലും കൂട്ടംചേരുവാൻ അനുവദിക്കുന്നതല്ല. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താവുന്നതാണ്. മത്സ്യ, പച്ചക്കറി മാർക്കറ്റുകളിൽ സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കാം.