പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ കോട്ടുവള്ളിയേയും ചെമ്മായത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടുവള്ളി - ചെമ്മായം പാലം നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും സ്ഥലം ഉടമസ്ഥരെയും ഉൾപ്പെടുത്തിയുള്ള യോഗം നടന്നു. ഏറ്റെടുക്കുന്ന സ്ഥലം ഉടമകൾക്കുണ്ടായ സംശയങ്ങളും മറ്റും യോഗത്തിൽ ചർച്ച ചെയ്തു. ഏറ്റെടുക്കുന്ന സ്ഥലം വ്യക്തമാക്കിക്കൊണ്ട് താത്കാലികമായി കല്ലിട്ട് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് ഒരാൾക്കും ബുദ്ധിമുട്ടുണ്ടാവാത്ത രീതിയിൽ മാത്രം ഇതുമായി മുന്നോട്ട് പോകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർന്നും ചർച്ചകൾ നടത്തേണ്ടിവരുമെന്നും അതുകഴിഞ്ഞ് മാത്രമേ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുകയുള്ളുയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷാജി, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആന്റണി കോട്ടക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രഷില ബെന്നി, ജിജോ തോട്ടകത്ത്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പീയൂസ് വർഗ്ഗിസ്, അസിസ്റ്റന്റ് എൻജിനീയർ ശാലി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.