റെയിൽവേയും ജലവിഭവ വകുപ്പും രണ്ടു തട്ടിൽ

കൊച്ചി: വല്ലാർപാടം റെയിൽപാതയ്ക്ക് വേണ്ടി കൊച്ചി കായലിൽ പത്ത് വർഷം മുമ്പ് നിർമ്മിച്ച താത്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കാനുള്ള തീരുമാനം വൈകും. റെയിൽവേയും ജലവിഭവ വകുപ്പും രണ്ടു തട്ടിലായതോടെ ബണ്ട് പൊളിക്കൽ തുലാസിലായി. ഒന്നിലേറെത്തവണ സ്ഥലത്ത് പരിശോധന നടത്തിയ ജലവിഭവ വകുപ്പ്, ബണ്ടും അടിഞ്ഞുകൂടിയ ചെളിയും നീക്കേണ്ടത് റെയിൽവേയാണെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തങ്ങളുടെ ചുമതലയല്ലെന്നാണ് റെയിൽവേയുടെ നിലപാട്. പ്രായോഗികത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരാഴ്ചത്തെ സമയവും റെയിൽവേ ആവശ്യപ്പെട്ടിരുന്നു.

 റെയിൽവേയുടെ വാദം
2009ൽ റെയിൽവേ മേൽപാലം പണിയുന്നതിനുവേണ്ടിയാണ് ബണ്ട് നിർമ്മിച്ചതെങ്കിലും റെയിൽവേയുടെ മറ്റൊരു യൂണിറ്റായ റെയിൽ വികാസ് നിഗം ലിമിറ്റഡിനായിരുന്നു (ആർ.വി.എൻ.എൽ) നിർമ്മാണ ചുമതല. അതിനാൽ റെയിൽവേയ്ക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. ജലസേചന വകുപ്പ് ഒറ്റയ്ക്ക് സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ സൂപ്രണ്ടിംഗ് എൻജിനിയറുടെ റിപ്പോർട്ട് മാത്രമാണ് കോടതിയിലുള്ളത്. സംയുക്ത പരിശോധന നടത്തണമെന്നാണ് റെയിൽവേ നിലപാട്.

 ജലവിഭവ വകുപ്പ് നിലപാട്
ബണ്ട് നിർമ്മിച്ചത് റെയിൽവേയ്ക്ക് വേണ്ടി ആയതിനാൽ അത് നീക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്തവും അവർക്കാണ്. കരാറുകാരായ അഫ്‌കോൺസിനെയോ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ നടത്തിപ്പുകാരായ ഡി.പി വേൾഡിനെയോ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

കോടതി നിർദേശമോ മറ്റ് ഉന്നതതല നിർദേശമോ ഉണ്ടായാൽ മാത്രം സംയുക്ത പരിശോധന നടത്തും.

ജലവിഭവ വകുപ്പ് പരിശോധനകൾ

റെയിൽവേ പരിശോധന

 റെയിൽ വികാസ് നിഗം ലിമിറ്റഡ്
റെയിൽവേയുടെ അധീനതയിൽ വരുന്ന യൂണിറ്റ് മാത്രമാണ് ഡൽഹി ആസ്ഥാനമായ ആർ.വി.എൻ.എൽ. 2003ൽ രൂപീകൃതമായ ആർ.വി.എൻ.എൻഎല്ലിന് റെയിൽവേയുടെ അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുണ്ട്.

92 പ്രൊജക്ടുകളാണ് ആർ.വി.എൻ.എൻ.എൽ ഇതുവരെ പൂർത്തിയാക്കിയത്. പാത ഇരട്ടിപ്പിക്കൽ, പുതിയ പാത നിർമ്മാണം, റെയിൽ പാലം നിർമ്മാണം തുടങ്ങി വിവിധ ചുമതലകൾ ആർ.വി.എൻ.എല്ലിനുണ്ട്.

 അടുത്ത യോഗം എന്ന് ?
ജലവിഭവ വകുപ്പ് രണ്ടാമത് പരിശോധന നടത്തുകയും, റെയിൽവേ അഫ്‌കോൺസിനേക്കുറിച്ചുള്ള വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തതിനു പിന്നാലെ വെള്ളിയാഴ്ച കളക്ടറുടെ ചേംബറിൽ ചേരാനിരുന്ന യോഗം മാറ്റിയിരുന്നു. അടുത്ത തീയതി നിശ്ചയിച്ചിട്ടില്ല.

 10 വർഷത്തിനു മുൻപ് നിർമ്മിച്ച ബണ്ടാണ്. അത് പൊളിച്ചു നീക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കൂടുതൽ പരിശോധനകളും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ആവശ്യമാണ്. കോടതി, സർക്കാർ നിലപാടുകളായിരിക്കും അന്തിമം. കാർത്തിക്ക്, റെയിൽവേ ഡിവിഷണൽ മാനേജർ ( വർക്‌സ് )