fg

കൊച്ചി: അത്യാഹിത വിഭാഗത്തിൽ നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് പകരം ടെൻഡർ നടപടികളുമായി കൊച്ചി കോർപ്പറേഷൻ സമയം പാഴാക്കുന്നതായി ആക്ഷേപം. ഏതു നിമിഷവും ഇടിഞ്ഞു വീഴുമെന്ന നിലയിലാണ് പ്ളാന്റ്. ഒരു ഭാഗത്തെ മേൽക്കൂര തകർന്നുവീണു . അവശേഷിക്കുന്ന ഭാഗം മുഴുവൻ വെള്ളം കെട്ടിക്കിടക്കുകയാണ്. 40 അന്യസംസ്ഥാനജീവനക്കാർ രാപ്പകൽ പണിയെടുത്താണ് ഇവിടെ മാലിന്യം സംസ്കരിക്കുന്നത്. പ്ളാന്റിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് ഇവർ പണിയെടുക്കുന്നത്. പാനൽബോർഡിൽ വെള്ളം കയറി കത്തിയതിനെ തുടർന്ന് ഒരു മാസത്തോളം പ്ളാന്റിൽ വൈദ്യുതി വിതരണം നിലച്ചു. ഡീസലിലാണ് ഇപ്പോൾ പ്രവർത്തനം. പാനൽബോർഡിന്റെ സംരക്ഷണത്തിനായി ഷെഡ് നിർമ്മിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയായിരുന്നു. ഡീസലിനായി ഒന്നര ലക്ഷം രൂപ പ്ളാന്റ് നടത്തിപ്പുകാരൻ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിച്ചു.

 തുടരാൻ കഴിയില്ലെന്ന്

കരാറുകാരൻ

ജീവനക്കാരുടെ ജീവൻ വച്ചു കളിക്കാൻ താത്പര്യമില്ലാത്തതിനാൽ പ്ളാന്റ് നടത്തിപ്പിൽ നിന്നൊഴിവാക്കണമെന്ന് മാലിന്യസംസ്കരണം ഏറ്റെടുത്തിരിക്കുന്ന കമ്പനി കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു . ഇതേത്തുടർന്ന് കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി മാത്രമാണ് താത്പര്യം കാണിച്ചത്. അതിനാൽ റീടെൻഡർ ചെയ്യേണ്ട സ്ഥിതിയാണ്. 250 ടൺ മാലിന്യം സംസ്കരിച്ച് പ്രവൃത്തി പരിചയമുള്ളവർക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ കഴിയുക. എന്നാൽ പ്ളാന്റിന്റെ ഇപ്പോഴത്തെ അവസ്ഥവച്ച് ഈ ദൗത്യം ഏറ്റെടുക്കാൻ ആളെ കിട്ടാൻ സാദ്ധ്യത കുറവാണ്. പുതിയ കരാറുകാരൻ വരുന്നതുവരെ നിലവിലെ കമ്പനി തുടരണമെന്നാണ് നിയമം. അതേസമയം കോർപ്പറേഷൻ അനങ്ങാപ്പാറ നയം തുടർന്നാൽ 45 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി കരാർ റദ്ദാക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു.

 മാലിന്യത്തിൽ നിന്ന്

വരുമാനം

കൊച്ചി കോർപ്പറേഷന് പുറമെ ആലുവ,തൃപ്പൂണിത്തുറ, കളമശേരി, അങ്കമാലി, തൃക്കാക്കര മുനിസിപ്പാലിറ്റികളിലെയും കുമ്പളങ്ങി,ചേരാനെല്ലൂർ, പുത്തൻകുരിശ് പഞ്ചായത്തുകളിലെയും ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നത് ബ്രഹ്മപുരത്താണ് . ഈ വകയിൽ 2.4 കോടി രൂപ കോർപ്പറേഷന് വരുമാനം ലഭിക്കുന്നുണ്ട്. ഒരു ദിവസം നൂറു ടൺ വളമാണ് പ്ളാന്റിൽ ഉത്പാദിപ്പിക്കുന്നത്. ഒരു കിലോയ്ക്ക് മൂന്നു രൂപ വച്ചാണ് വിൽക്കുന്നത്. ഇതിന്റെ വരുമാനം കമ്പനിക്ക് ലഭിക്കും.

 സ്പെഷ്യൽ കൗൺസിൽ വിളിക്കും

കെട്ടികിടക്കുന്ന മാലിന്യം നീക്കുന്നതിനായി ബയോമൈനിംഗ് നടത്തുക,കോൺക്രീറ്റ് യാർഡ് നിർമിച്ച് പുതിയ ഉപകരണങ്ങളുള്ള ഇലക്ട്രിസിറ്റി പ്ലാന്റ് നിർമ്മിക്കുക, അതിന്റെ പണി പൂർത്തിയാകുംവരെ താൽക്കാലിക സംവിധാനം സജ്ജമാക്കുക എന്നിവയിലൂടെ പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരമാകും. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ടി .കെ. അഷ്‌റഫും സംഘവും ശനിയാഴ്ച പ്ലാന്റ് സന്ദർശിച്ച് നിലവിലെ അവസ്ഥ വിലയിരുത്തിയിരുന്നു.ആരോഗ്യകാര്യ സമിതി ഇതുസംബന്ധിച്ച ഫയൽ സമർപ്പിക്കുന്ന മുറയ്ക്ക് ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ കൗൺസിൽ വിളിക്കും.

മേയർ അഡ്വ.എം. അനിൽകുമാർ