v-d-satheeshan-
ഇന്ധന വിലവർദ്ധനവിനെതിരായ യു.ഡി.എഫിന്റെ കുടുംബ സത്യാഗ്രഹത്തിൽ പറവൂരിലെ വീട്ടിലിരുന്ന് പങ്കെടുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പറവൂർ: ഇന്ധന വില ദിനംപ്രതി വർധിപ്പിക്കുന്നതിലൂടെ ജനങ്ങളെ പീഡിപ്പിച്ച് കേന്ദ്ര സർക്കാർ ആനന്ദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പറവൂരിലെ വീട്ടിൽ യു.ഡി.എഫ് കുടുംബ സത്യാഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശൻ.

ആറ് മാസത്തിനിടെ 62 തവണയാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പോലും കേന്ദ്രം ചിന്തിക്കുന്നില്ല. അവശ്യ സേവനങ്ങൾക്ക് ഇന്ധന സബ്‌സിഡി നൽക്കാൻ സർക്കാർ തയാറാകണം. സംസ്ഥാന സർക്കാർ അധികമായി ലഭിക്കുന്ന നികുതിയിൽ നിന്ന് നിശ്ചിത ശതമാനം ചെലവഴിച്ച് മത്സ്യമേഖല, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ടാക്സികൾ തുടങ്ങിയ മേഖലകൾക്ക് ഇന്ധന സബ്സിഡി നൽകി സഹായിക്കണം.

വാളയാർ കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കപ്പെടുമോയെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. വണ്ടിപ്പെരിയാർ കേസിൽ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാകണം. സംസ്ഥാനത്ത് എസ്.എം.എ രോഗാവസ്ഥയുള്ള എല്ലാ കുട്ടികൾക്കും മരുന്ന് ലഭ്യമാക്കാൻ സർക്കാൻ മുൻകൈയെടുക്കണം. ഈ വിഷയം നിയമസഭയിൽ ഉന്നയിക്കും.

ട്വന്റി 20 പാർട്ടി സി.പി.എമ്മിന്റെ ബി ടീം

സംസ്ഥാനത്ത് നിന്ന് ഒരു വ്യവസായവും വിട്ടുപോകരുത് എന്നതാണ് പ്രതിപക്ഷനിലപാട്. സി.പി.എമ്മിന്റെ ബി ടീമാണ് കിറ്റെക്‌സ് ഉടമയുടെ നേതൃത്വത്തിലുള്ള ട്വന്റി 20. ഇടത് സർക്കാർ അധികാരത്തിൽ വരാൻ വലിയ പങ്ക് വഹിച്ചവരാണ് കിറ്റെക്സ്. ഇവർ തമ്മിൽ അകലാൻ എന്തോ കാരണമുണ്ടന്ന് സംശയിക്കുന്നു. സി.പി.എമ്മിന് എതിരെയാണ് കിറ്റെക്‌സ് ആക്ഷേപം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പോലും തങ്ങളെ തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി. കിറ്റെക്‌സ് വിഷയത്തിൽ സർക്കാർ ഉത്തരം പറയണം. ഏത് കമ്പനിക്കെതിരെ പരാതി വന്നാലും അന്വേഷിക്കണം. അത് പീഡനമായി മാറരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.