മൂവാറ്റുപുഴ: ഒരു കുടുംബത്തിലെ മുഖ്യവരുമാനമുള്ള വ്യക്തി മരണമടഞ്ഞാൽ കേന്ദ്ര സർക്കാർ നൽകിവരുന്ന കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന്റെ കുടിശിക വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ 18നും 59 നും ഇടയിൽ പ്രായമുള്ള പ്രധാന വരുമാനമുള്ളയാൾ മരണമടഞ്ഞാൽ പദ്ധതി പ്രകാരം 20000 രൂപയാണ് കുടുംബത്തിന് കേന്ദ്ര സർക്കാർ ധനസഹായമായി നൽകി വരുന്നത്. 2014 ഡിസംബർ മുതൽ പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുള്ളവർ കേരളത്തിൽ 1 ലക്ഷത്തിന് മുകളിലാണ്. ജില്ലയിൽ മാത്രം 8788പേരും മൂവാറ്റുപുഴ താലൂക്കിൽ 1100അപേക്ഷകരുമാണ് താലൂക്ക്, കളക്ട്രറേറ്റ് കേന്ദ്രങ്ങളിൽ കയറിയിറങ്ങി വിഷമിക്കുന്നത്.റവന്യൂ വകുപ്പ് മുഖേനയാണ് സഹായ വിതരണം നടത്തുന്നത്. കേരളത്തിന് ഈ ഇനത്തിൽ 200 കോടി രൂപ കേന്ദ്ര സർക്കാർ നൽകേണ്ടതുണ്ട്. ഒറ്റത്തവണയായി ലഭിക്കുന്ന ഈ തുക കേന്ദ്രത്തിൽ ഇടപെട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽദോ എബ്രഹാം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് കത്തുനൽകി.