കുറുപ്പംപടി: പെരുമ്പാവൂർ ബൈപാസുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥല വില നിർണയം നടപടികൾ പൂർത്തിയായതായി അധികൃതർ യോഗത്തിൽ അറിയിച്ചു. പുനരധിവാസ പാക്കേജുകളും കെട്ടിടങ്ങൾ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് തഹസിൽദാർ നൽകിയ കോസ്റ്റ് സ്റ്റേറ്റ്മെന്റ് അടിസ്ഥാനത്തിൽ ഒന്നാം ഘട്ടത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും മറ്റു നിർമ്മാണത്തിനുമായി 61 കോടി 52 ലക്ഷം രൂപ കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ഏഴുദിവസത്തിനുള്ളിൽ ഈ തുക അനുവദിക്കുന്നതിനും പദ്ധതിയുടെ നിർമ്മാണം വേഗത്തിൽ തുടങ്ങുമെന്നും ഉദ്യോസ്ഥർ യോഗത്തിൽ അറിയിച്ചു.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കിഫ്‌ബി സി.ഇ.ഒ കെ.എം.എബ്രഹാം, അഡീഷണൽ സി.ഇ.ഒ സത്യജിത്ത് രാജൻ, ജനറൽ മാനേജർ ഷൈല, പ്രോജ്കെട് മാനേജർ ദീപൂ , ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ ഐസക് വർഗീസ്, ഡെപ്യൂട്ടി കളക്ടർ രാജൻ, കെ.ആർ. എഫ്.ബി എക്സിക്യുട്ടീവ് എൻജിനീയർ മിനി മാത്യു, പൊതുമരാമത്ത് റോഡ്സ് എക്സിക്യുട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
ബൈപ്പാസ് പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടത്തും
മരുത് കവലയിൽ തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ടു താഴത്ത് അവസാനിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ വില്ലേജിലെ അറുപത്തിരണ്ട് വസ്തു ഉടമകളിൽ നിന്ന് 2.69 ഹെക്ടർ സ്ഥലമാണ് ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ടാണ് ബൈപ്പാസ് പദ്ധതി പൂർത്തികരിക്കുന്നത്.
പെരുമ്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം നാല് കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്.രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനം കിറ്റ്ക്കോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ ആരംഭിക്കാൻ യോഗത്തിൽ ധാരണയായി.