നെടുമ്പാശേരി: അത്താണി - പറവൂർ റോഡിൽ കുന്നുകര ചാലാക്ക കോരൻകടവ് പാലത്തിന് സമീപം സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ വഴിവിളക്കും കാമറയും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പാലത്തിന്റെ ഇരുവശങ്ങളിലുമായി സാമൂഹ്യ വിരുദ്ധർ തള്ളിയ ലോഡുകണക്കിന് മാലിന്യങ്ങൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നീക്കി പൂച്ചെടികൾ നട്ടിരുന്നു.
തുടർന്ന് വഴിവിളക്കും കാമറയും സ്ഥാപിക്കാൻ നടപടിയാവശ്യപ്പെട്ട് പഞ്ചായത്തു സെക്രട്ടറിക്ക് നിവേദനം നൽകിയെങ്കിലും രണ്ട് ബോർഡുകൾ മാത്രമാണ് സ്ഥാപിച്ചത്. ഒരു മാസം പിന്നിട്ടപ്പോൾ പാലത്തിന്റെ പരിസരം വീണ്ടും മാലിന്യ കൂമ്പാരമായിരിക്കുകയാണ്.
കാമറയും വഴിവിളക്കും ഉടൻ സ്ഥാപിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമാരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.
മതിയായ സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ വൺവേ പാലിക്കാതെ ഇരുദിശകളിലേക്കും വാഹനങ്ങൾ പോകുന്നത് അപകടങ്ങൾക്ക് കാരണമായതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.സി.പി.എം നെടുമ്പാശേരി ഏരിയ കമ്മിറ്റി അംഗം പി.കെ. കൃഷ്ണകുമാർ, കുന്നുകര മേഖല സെക്രെട്ടറി കെ.ജെ. ലിനേഷ്, ബ്ലോക്ക് കമ്മിറ്റി അംഗം സന്ദീപ്, അഖിൽ രാജേഷ് തെറോടൻ, അനുരാജ്, ദിലീപ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.