നെടുമ്പാശേരി: വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായവകുപ്പുമായി സഹകരിച്ച് വിവിധ പദ്ധതികൾ പാറക്കാടവ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്തു.
അഞ്ച് അംഗങ്ങളടങ്ങുന്ന സംഘങ്ങൾ രൂപീകരിച്ച് യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യൂണിറ്റുകൾ ആരംഭിക്കാം. തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യവസായത്തിൽ പരിശീലനം ലഭിച്ചവരായിരിക്കണം. ഒരു വീട്ടിൽനിന്ന് ഒരാൾ മാത്രമേ ഒരു സംഘത്തിൽ അംഗമാകാവൂ. ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ പദ്ധതി ചെലവിന്റെ 85 ശതമാനം സബ്‌സിഡി (പരമാവധി മൂന്ന് ലക്ഷം) നൽകും. ജനറൽ ഗ്രൂപ്പുകൾക്ക് 11 ലക്ഷവും പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗങ്ങളുള്ള സംഘങ്ങൾക്ക് 10 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. കാറ്ററിംഗ് യൂണിറ്റ്, തയ്യൽ യൂണിറ്റ്, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, പലഹാര നിർമ്മാണ യൂനിറ്റുകൾ, തുണിസഞ്ചി നിർമ്മാണ യൂണിറ്റുകൾ, എൽ.ഇ.ഡി ബൾബ് നിർമ്മാണം തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കാം.
അപേക്ഷകർ 18 നും 60 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ലോക്കിലെ വ്യവസായ ഓഫീസർക്ക് അപേക്ഷ നൽകണം. കുന്നുകര പഞ്ചായത്തിലെ വനിതാ വ്യവസായ ഗ്രൂപ്പ് ആരംഭിച്ച നിറവ് ഫ്ളോർമിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ഷിബി പുതുശേരി, സിജി വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഫോൺ: 9895940042.