കൊച്ചി: ഇടപ്പള്ളി പോണേക്കരയിൽ ഓട്ടോറിക്ഷ തൊഴിലാളി കൃഷ്ണകുമാറിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. സംഭവം നടന്ന പീലിയോട് പുഴയോരത്തും ഇവിടെനിന്ന് ബൈക്കിൽ രക്ഷപ്പെട്ട് പോയിടത്തുമെല്ലാം പ്രതികളെ എത്തിച്ചു.

കേസിലെ പ്രതികളായ എറണാകുളം എ.ആർ.പൊലീസ് ക്യാമ്പിലെ സി.പി.ഒ ഇടപ്പള്ളി നോർത്ത് വൈമേലിൽ ബിജോയ് (35), മരട് നെട്ടൂർ സ്വദേശി സാജിതാ മൻസിലിൽ ഫൈസൽമോൻ (39), ആലുവ എരമം സ്വദേശികളായ തോപ്പിൽ ഉബൈദ് (25), ഓളിപ്പറമ്പ് അൻസൽ (26), ഇടപ്പള്ളി നോർത്ത് വി.ഐ.പടി ബ്ലായിപ്പറമ്പ് വീട്ടിൽ ഫൈസൽ (40), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് വീട്ടിൽ സുബീഷ് (38) എന്നിവരെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇരുമ്പ് കമ്പിക്ക് അതിക്രൂരമായി മർദ്ദിച്ച് ഇവർ കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.