നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് ഒാഫീസിന് സമീപം പറമ്പയം ദേശീയപാതയോരത്തെ പറമ്പിൽ മാലിന്യം തള്ളാനിടയാക്കിയത് പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥയാണെന്ന് അൻവർസാദത്ത് എം.എൽ.എ ആരോപിച്ചു. മാലിന്യം തള്ളിയ പ്രതികളിൽ നിന്ന് ഹൈവെ പൊലീസ് കൈക്കൂലി വാങ്ങിയതായി ആരോപണമുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മാലിന്യം തള്ളിയ സംഭവത്തിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും ജില്ല റൂറൽ എസ്.പിയോട് എം.എൽ.എ ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയറ്ററിലേതടക്കമുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം ജില്ലകൾ കടന്ന് പറമ്പയം ജനവാസ കേന്ദ്രത്തിൽ തള്ളാനിടയായ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ്. എന്ത് കൊണ്ട് ഇത്തരം മാലിന്യം ഉറവിട സംസ്‌കരണം ഏർപ്പെടുത്താതെ പുറത്തേക്ക് കടത്തിവിടുന്നുവെന്ന കാര്യം ആരോഗ്യവകുപ്പ് വെളിപ്പെടുത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കൊവിഡ് രോഗ വ്യാപനവും ജനവീവിതം ദുസഹവുമായിരിക്കുന്ന സാഹചര്യത്തിൽ മാരകരോഗ ഭീഷണി ഉയർത്തുന്ന മാലിന്യങ്ങൾ പൊതുനിരത്തുകളിലും കൃഷിയിടങ്ങളിലും പുഴയോരങ്ങളിലും തള്ളാൻ ഇടയാക്കുന്ന സംഭവം ഗുരുതര വീഴ്ചയാണെന്നും പ്രശ്‌നം സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചു.