ആലുവ: ആലുവ നഗരസഭ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പിൽ ആശ പ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതായി പ്രതിപക്ഷ ആരോപണം. ഓരോ വാർഡിലേയും 90 ദിവസം കഴിഞ്ഞ ആളുകളുടെ ലിസ്റ്റെടുത്ത് വാർഡ് ക്രമത്തിൽ വാക്‌സിനേഷൻ നടത്തി വരികയാണ് പതിവ്. കൗൺസിലർമാർ മുഖേന അർഹരായവർക്ക് കൂപ്പൺ നൽകും. ഒന്ന് മുതൽ 15 വാർഡുകളിൽപ്പെട്ടവർക്കേ ക്രമമനുസരിച്ച് വാക്‌സിൻ ലഭിച്ചു. എന്നാൽ വാർഡ് 25 -ാം വാർഡിലെ വ്യക്തികൾക്ക് മാനദണ്ഡം ലംഘിച്ച് ഒരു ആശ വർക്കറെ ഉപയോഗിച്ച് ഭരണപക്ഷം കൂപ്പൺ വിതരണം ചെയ്തെന്നാണ് പരാതി. പുതിയ നഗരസഭ കൗൺസിൽ അധികാരത്തിലേറിയ ശേഷം നിയമനം ലഭിച്ച ആശ വർക്കറാണ് കൂപ്പണുകൾ വിതരണം ചെയ്തത്. മാനദണ്ഡം ലംഘിച്ച് കൂപ്പണുകൾ വിതരണം ചെയ്ത ആശ വർക്കർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് 25 -ാം വാർഡ് കൗൺസിലർ ടിന്റു രാജേഷ് ജില്ലാ ആശൂപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരിക്ക് പരാതി നൽകി.