വൈപ്പിൻ:കൊവിഡ് പ്രതിസന്ധികളിലും ക്വാറന്റൈനിലും കഴിയുന്നവർക്ക് ഉല്ലാസമേകാനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ആവിഷ്‌ക്കരിച്ച കൗൺസിലിംഗ് പദ്ധതി വൈപ്പിനിൽ ആരംഭിച്ചു. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിലാണ് വൈപ്പിൻ കരയിൽ പ്രചാരണ പരിപാടികൾ നടക്കുന്നത്. പൊതുഇടങ്ങളിലും ഓട്ടോറിക്ഷ അടക്കമുള്ള പൊതുവാഹനങ്ങളിലും കേഡറ്റുകളും രക്ഷകർത്താക്കളുംചേർന്ന് പോസ്റ്ററുകൾ പതിച്ചു. വിവിധ മാധ്യമങ്ങൾ വഴിയും ഫോൺ വഴിയുമാണ് പ്രധാനമായും പ്രചാരണം നടക്കുന്നത്.ഇതിനായി ഷോർട്ട് ഫിലിമുകളും തയ്യാറാക്കും. ചിരി കൗൺസിലിംഗിലേക്ക് ഓരോ ദിവസവും നൂറോളം കോളുകളാണ് എത്തുന്നത്. 9497900200 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.
കുട്ടികളിലെ ആശങ്കകൾ നീക്കാൻ ഒരു രക്ഷകർത്താവിനെപ്പോലെ ഇടപെടുകയാണ്ചിരിയിലൂടെ കേരള പൊലീസ് ചെയ്യുന്നതെന്ന് ഡ്രിൽ ഇൻസ്ട്രക്ടർ ഇ.എം. പുരുഷോത്തമൻ പറഞ്ഞു. പ്രചാരണ പരിപാടികൾക്ക് അദ്ധ്യാപകരായ കെ.ജി. ഹരികുമാർ, ആർ, നിഷാര, പി.ടി.എ.കോർ ടീം അംഗങ്ങളായ ഷൈജി രാജേഷ്, കെ.പി.റെജീന, അബ്ദുൾ ഹക്കീം, എ.എ. ധന്യ എന്നിവർ നേതൃത്വം നൽകി.