കൊച്ചി: കൊച്ചി നഗരസഭയുടെ പരിധിയിൽ 2916 തെരുവു കച്ചവടക്കാരാണ് നിലവിലുള്ളതെന്ന് നഗരസഭാ സെക്രട്ടറി ഹൈക്കോടതിയിൽ അറിയിച്ചു. കാൽനടയാത്രക്കാരുൾപ്പെടെയുള്ളവർക്കു തടസമാകുന്ന തരത്തിൽ നഗരത്തിലുള്ള വഴിയോരക്കച്ചവടങ്ങൾ തടയണമെന്നാവശ്യപ്പെടുന്ന ഹർജിയിലാണ് നഗരസഭാ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ഒരു നിയന്ത്രണവുമില്ലാതെ നഗരത്തിൽ വഴിയോരക്കച്ചവടങ്ങൾ അനുവദിക്കുന്നതിനെതിരെ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. നഗരത്തിൽ എവിടെയൊക്കെ വഴിയോരക്കച്ചവടങ്ങൾ അനുവദിക്കാമെന്നു വ്യക്തമാക്കി പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഹർജി ഇൗയാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
നഗരസഭയുടെ റിപ്പോർട്ടിൽ നിന്ന് :
æ വഴിയോരക്കച്ചവടക്കാർക്ക് പ്രത്യേക പദ്ധതിക്ക് രൂപം നൽകാനായി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
æ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിനെ ഇതിനായി ചുമതലപ്പെടുത്തി
æ അഞ്ച് ഡിവിഷനുകളിൽ ഇവരുടെ സർവേ പൂർത്തിയായി.
æ കൊവിഡ് കാരണം നിലച്ച സർവേ ഇപ്പോൾ പുന:രാരംഭിച്ചു.
æ പനമ്പിള്ളിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ പരാതിയിൽ അവിടുത്തെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടിയെടുത്തു
æ നഗരസഭയുടെ ഹെൽത്ത്, എൻജിനീയറിംഗ് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ ഇതിനു ചുമതലപ്പെടുത്തി.
സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ റിപ്പോർട്ടിൽ നിന്ന് :
æ അനിയന്ത്രിതമായ വഴിയോരക്കച്ചവടങ്ങൾ അനുവദിക്കുന്നത് തടയണം.
æ കാൽനടയാത്രക്കാർക്ക് പ്രത്യേക സൗകര്യങ്ങളോടു കൂടിയ റോഡുകളാണ് നഗരത്തിൽ ഒരുക്കുന്നത്.
æ പുതിയതായി പണിയുന്ന നടപ്പാതകൾ വഴിയോരക്കച്ചവടക്കാർ കൈയേറുന്നു.
æ സ്മാർട്ട് മിഷൻ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം പോലും തകർക്കുന്ന തരത്തിലാണ് കൈയേറ്റം
æ നഗരത്തിലെ നടപ്പാതകൾ ഇടുങ്ങിയതായതിനാൽ വഴിയോരക്കച്ചവടം ബുദ്ധിമുട്ടാകും.
æ മതിയായ സ്ഥലമുള്ള നടപ്പാതകളിൽ നിയന്ത്രിതമായ രീതിയിൽ വഴിയോരക്കച്ചവടം അനുവദിക്കാം.
æ വഴിയോരക്കച്ചവടക്കാരുടെ എണ്ണം നിയന്ത്രിക്കണം, ഇവർക്ക് ലൈസൻസും നൽകണം